പത്തനംതിട്ട: ലഹരി മാഫിയയെ തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ലഹരി നിയന്ത്രണത്തിനായി ആധുനിക മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്നും എക്സൈസ് – തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
സംസ്ഥാന എക്‌സൈസ് വകുപ്പ് പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിക്ക് സമീപം നിര്‍മ്മിച്ച എക്സൈസ് ടവറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ ശക്തമാക്കിയതോടെ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കാനായി. അതിന്റെ ഫലമാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും ലഹരി-മദ്യ മാഫിയകളെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞത്. വകുപ്പിനെ ആധുനികവല്‍ക്കരിക്കുന്നതിനും മാഫിയയെ നിയന്ത്രിക്കാനുമാണ്  പുതിയ കെട്ടിടങ്ങളും ആധുനിക സജ്ജീകരണങ്ങളുള്ള വാഹനങ്ങളും ഉദ്യോഗസ്ഥര്‍ക്ക്  ആയുധങ്ങളും  അനുവദിക്കുന്നത്. ലഹരിവേട്ടക്കായി നിലവിലെ മൂന്ന് സ്‌ക്വാഡിന് പുറമെ പുതുതായി ഒരു സ്‌ക്വാഡിന് കൂടി രൂപം നല്‍കിയിട്ടുണ്ട്. വകുപ്പിന്റെ പ്രവര്‍ത്തനത്തിനായി കൂടുതല്‍ തുക അനുവദിച്ചു. ലഹരിവേട്ട ജില്ലയില്‍ ശക്തമായി നടത്തിവരുന്നുണ്ട്.

ലഹരി വര്‍ജ്ജനത്തിലൂടെ ലഹരി വിമുക്തി എന്നതാണ് സര്‍ക്കാര്‍ നയം. വിമുക്തി പദ്ധതിയിലൂടെ നടത്തുന്ന ബോധവത്ക്കരണ പരിപാടികള്‍ മികച്ച ഫലമാണ് നല്‍കുന്നത്. ലക്ഷ്യം പൂര്‍ണ്ണമാകുന്നതുവരെ പദ്ധതി തുടരും. വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് മാഫിയയുടെ ലക്ഷ്യം. വിദ്യാലയ പരിസരത്ത് ലഹരിവില്‍ക്കുന്ന കടകളുടെ പ്രവര്‍ത്തനാനുമതി നിഷേധിക്കും. ലഹരിബാധിതരെ ചികിത്സിക്കാന്‍ അരോഗ്യ  വകുപ്പുമായി സഹകരിച്ചു  ആധുനിക സംവിധാനങ്ങള്‍ ഒരുക്കും. താലൂക്ക് തലത്തിലും ഡി അഡിക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കും.

ലഹരി ഉപയോഗിക്കുന്ന കൗമാരക്കാരെ ശിക്ഷിക്കുന്നത്  സര്‍ക്കാര്‍ നിലപാടല്ല. അവരെ ഇതിലേക്ക് നയിക്കുന്ന ആളുകളെ കണ്ടെത്തി ഉറവിടം നശിപ്പിക്കും. പൊതുസമൂഹം ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒപ്പം വേണം. ചാരായ നിരോധനവും വീര്യം കുറഞ്ഞ ബിയര്‍ പാര്‍ലര്‍ എന്ന നയവും സംസ്ഥാനത്തു മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാക്കി. ഇതിനെതിരെ ശക്തമായ നടപടിയെടുക്കാനും നിയന്ത്രിക്കാനും സര്‍ക്കാറിന് കഴിഞ്ഞു എന്നതാണ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കിയത്. വകുപ്പിനെ കളങ്കപ്പെടുത്തുന്ന  പ്രവര്‍ത്തനം നടത്തുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.