ആലപ്പുഴ ജില്ലയിൽ ഒരാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രോട്ടോകോൾ പ്രകാരമുള്ള എല്ലാ സജ്ജീകരണങ്ങളും ജില്ലയിൽ ഒരുക്കി. ചൈനയിൽ നിന്ന് തിരിച്ചുവന്ന ശേഷം, ആലപ്പുഴ മെഡിക്കൽ കോളേജിൽ ഐസൊലേഷനിലുള്ള ഒരാൾക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.

ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തിൽ മന്ത്രിമാരായ ജി സുധാകരൻ, പി തിലോത്തമൻ എന്നിവരുടെ സാന്നിധ്യത്തിൽ കലക്ടറേറ്റിൽ അവലോകനയോഗം നടത്തി. ആലപ്പുഴ മെഡിക്കൽ കോളേജിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ സാമ്പിൾ പരിശോധന ആരംഭിക്കാനുള്ള സംവിധാനം ഒരുങ്ങിയെന്ന് അവലോകന യോഗത്തിന് ശേഷം മന്ത്രി കെ കെ ശൈലജ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഡോക്ടർ സുഗുണൻറെ നേതൃത്വത്തിൽ പരിശോധന തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഇതുവരെ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നായിരുന്നു പരിശോധന നടത്തിയിരുന്നത്. ഇത് ആലപ്പുഴയിലേക്ക് മാറ്റുന്നതോടെ റിസൾട്ട് ലഭിക്കുന്നതിൽ കാലതാമസം ഒഴിവാക്കാൻ പറ്റുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ മെഡിക്കൽ കൺട്രോൾ റൂം കലക്ടറേറ്റിലേക്ക് മാറ്റുകയും ഈ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. നേരത്തെ ജില്ലാ മെഡിക്കൽ ഓഫീസിൽ ആയിരുന്നു കൺട്രോൾ റൂം പ്രവർത്തിച്ചിരുന്നത്. ജില്ലാ മെഡിക്കൽ ഓഫിസറും ആരോഗ്യ മേഖല ജീവനക്കാരും കളക്ടറേറ്റിലെ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് തുടർന്ന് പ്രവർത്തിക്കും.

സംസ്ഥാനത്ത് രണ്ട് പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത് എന്നാൽ ഇവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്നും മന്ത്രി പറഞ്ഞു.

നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ ജില്ലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും. ജില്ലാ കലക്ടർ എം അഞ്ജന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

സ്വകാര്യആശുപത്രിയിൽ ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി. ജില്ലയിൽ മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലുമാണ് ഇപ്പോൾ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ താലൂക്ക് ഹോസ്പിറ്റലുകളിൽ ഐസൊലേഷൻ ബെഡ് ക്രമീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മെഡിക്കൽ കോളേജിലെ മറ്റൊരു ഭാഗത്ത് കൂടി സജ്ജീകരണങ്ങൾ ഒരുക്കി കൂടുതൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കും. നാലു പേരാണ് ഇപ്പോൾ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ ഉള്ളത്.

എല്ലാ വിഭാഗം ഉദ്യോഗസ്ഥരും ദിവസവും വൈകീട്ട് ആറുമണിക്ക് കലക്ടറേറ്റിൽ ചേർന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്യും.

ചൈന, നേപ്പാൾ, ശ്രീലങ്ക തുടങ്ങി കൊറോണ റിപ്പോർട്ട് ചെയ്ത പ്രദേശത്തുനിന്ന് വരുന്നവർ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടണം. ഒരാളും കാര്യങ്ങൾ ഒളിച്ചു വയ്ക്കരുതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇൻകുബേഷൻ പീരീഡ് ആയ 28 ദിവസം കഴിയുന്നതുവരെ വരെ വിദേശത്തു നിന്നു വരുന്നവർ വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കണം. രോഗലക്ഷണങ്ങൾ വരുന്നതിനു മുമ്പ് അടുത്ത സമ്പർക്കം ഉള്ളവർക്ക് ഈ രോഗം പകരാം. ചൈനയിൽ നിന്ന് തിരിച്ചു വന്നവരുമായി അടുത്ത സമ്പർക്കം ഉള്ളവരെയും നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ചൈനയിൽ കൊറോണ പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ സംസ്ഥാനത്ത് ജാഗ്രത പാലിച്ചു. അതുകൊണ്ടാണ് ചൈനയിൽ നിന്ന് വന്ന രോഗലക്ഷണങ്ങൾ ഉള്ളവരെ നേരത്തെ തന്നെ ഐസൊലേഷനിലാക്കാനായത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പോലീസ് മേധാവിയുടെ ചാർജ് വഹിക്കുന്ന കൃഷ്ണകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ എൽ അനിതകുമാരി, ജില്ലയിലെ ആരോഗ്യവകുപ്പിലെയും മറ്റു വകുപ്പുകളിലെയും ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.