സാംസ്കാരിക മുന്നേറ്റത്തിന്റെ ഊടും പാവും നെയ്യുന്ന സാംസ്കാരിക കേന്ദ്രമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ചീക്കിലോട് എയുപി സ്കൂൾ ശതപൂർണിമ ശതാബ്ദി ആഘോഷ സമാപന സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇടക്കാലത്ത് വിദ്യാഭ്യാസമേഖല നല്ല വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന കച്ചവട ശ്രോതസ്സ് മാത്രമായി മാറിയിരുന്നു. എന്നാൽ ഇന്ന് ആ അവസ്ഥയെല്ലാം മാറി നാടിന്റെ പൊതുസ്വത്തായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറി. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഒരു പോലെ ആകർഷകമായ സ്ഥാപനങ്ങളായി വളർന്നു വികാസം പ്രാപിച്ചു കൊണ്ടിരിക്കുകയാണ് വിദ്യാലയങ്ങൾ. ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്ന കാര്യത്തിലും അധ്യാപക അധ്യാപകേതര വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലും പുതിയ മാനേജ്മെന്റിന്റെ  സാന്നിധ്യത്തിൽ അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ് ഇവിടെ നടന്നു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ഒ. പി ശോഭന അധ്യക്ഷത വഹിച്ചു. ചീക്കിലോട് എ. യു. പി സ്കൂൾ പ്രിൻസിപ്പൽ ടി. ജയകൃഷ്ണൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ക്രസ്റ്റൻ മേനോൻ ഗ്രൂപ്പ്‌ ചെയർമാൻ രാജു മേനോൻ മുഖ്യാതിഥി ആയി. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കുണ്ടൂർ ബിജു സമ്മാനദാനം നിർവഹിച്ചു. ചീക്കിലോട് എ. യു. പി സ്കൂൾ മാനേജർ എം. കെ രവീന്ദ്രൻ,  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിമല തേറോത്ത്, ടി. കെ സുധാകരൻ, മണി, ടി. നിളാമുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.