ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ ജൈവ മാലിന്യ സംസ്‌കരണത്തിന് ശാശ്വതപരിഹാരമായി തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ പ്ലാന്റ് യാഥാര്‍ത്ഥ്യമായി. മാട്ടുക്കട്ടയില്‍ നിര്‍മ്മിച്ച മാലിന്യപ്ലാന്റിന്റെ  ഉദ്ഘാടനം അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എല്‍ ബാബു നിര്‍വ്വഹിച്ചു.  8,66,214 രൂപ ചെലവഴിച്ച് മാട്ടുക്കട്ട മാര്‍ക്കറ്റിനോട് ചേര്‍ന്ന് സ്ഥാപിച്ച പ്ലാന്റില്‍ ആറ് യൂണിറ്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

ഇതിലൂടെ ജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിച്ച് ജൈവവളമാക്കി മാറ്റുകയാണ് ലക്ഷ്യം.  മാലിന്യങ്ങള്‍ സംഭരിക്കുന്നതിനായി ഒരു വാര്‍ഡില്‍ നിന്ന് രണ്ട് വാളന്റിയര്‍മാരെ വീതം തിരഞ്ഞെടുത്ത് ഹരിത കര്‍മ്മ സേനയും രൂപീകരിച്ചു.  ഉത്ഘാടന യോഗത്തിന് വൈസ് പ്രസിഡന്റ് നിഷാ ബിനോജ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗങ്ങളായ   രജനി കുഞ്ഞുമോന്‍, ജയ്മോള്‍ ജോണ്‍സണ്‍, മുരുകേശ്വരി മുത്തു,  , ജാന്‍സി ചെറിയാന്‍, പഞ്ചായത്ത് സെക്രട്ടറി പി.എന്‍.സുരേന്ദ്രന്‍ നായര്‍, സി ഡി എസ് ചെയര്‍പേഴ്സണ്‍ ബീനാ സിന്തോള്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ആര്‍.എസ്. അനുമോള്‍ ഹരിതസേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.