ഇടുക്കി: മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള ലൈസന്‍സ് ലഭ്യമാകുന്നതിന്റെ നടപടിക്രമങ്ങളെ സംബന്ധിച്ച് വ്യാപാരികള്‍ക്കായി കട്ടപ്പനയില്‍ ശില്പശാല സംഘടിപ്പിച്ചു. കട്ടപ്പന വ്യാപാരഭവനില്‍ നടന്ന ശില്പശാല നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.

മാലിന്യ നിര്‍മ്മാര്‍ജനം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഗവണ്‍മെന്റിന്റെ  ഏറ്റവും പുതിയ നിയമമനുസരിച്ച് നിലവിലുള്ള ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങി ചെറുതും വലുതുമായ ഭക്ഷണ നിര്‍മ്മാണ യൂണിറ്റുകള്‍, മലിനജലം ഉണ്ടാകാന്‍ സാധ്യതയുള്ള മറ്റ് സ്ഥാപനങ്ങള്‍, കൂടാതെ പുതുതായി ആരംഭിക്കുന്ന എല്ലാ സംരംഭങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ഡി & ഒ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള ലൈസന്‍സ് ലഭിക്കണമെന്ന് നിര്‍ബന്ധമാണ്. ജില്ലയില്‍ ഈ ഓഫീസ് തൊടുപുഴയിലാണ് പ്രവര്‍ത്തിക്കുന്നത്.

ഈ ലൈസന്‍സ് എടുക്കുന്നതിന്റെ നടപടി ക്രമങ്ങളെ കുറിച്ചും ആവശ്യമായ രേഖകളെ കുറിച്ചും കൃത്യമായ ധാരണ ഇല്ലാതെ പോകുന്നതിനാല്‍ പല തവണ തൊടുപുഴ ഓഫീസിലേക്ക് പോകേണ്ടി വരുന്നു. ഇതിന് പരിഹാരമായാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള ലൈസന്‍സിനാവശ്യമായ രേഖകള്‍ എന്തെല്ലാം, നടപടി ക്രമങ്ങള്‍, വ്യാപാരികളുടെ സംശയ നിവാരണം എന്നിവയ്ക്കായി ശില്പശാല സംഘടിപ്പിച്ചത്.  മലിനീകരണ നിയന്ത്രണ ബോര്‍ഡ് തൊടുപുഴ അസിസ്റ്റന്റ് എഞ്ചിനീയര്‍ രേവതി മണിക്കുട്ടന്‍ ലൈസന്‍സ് സംബന്ധിച്ച് ക്ലാസെടുത്തു.  കട്ടപ്പന മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം.കെ. തോമസ് അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സെക്രട്ടറി കെ.പി.ഹസന്‍, സി.കെ.മോഹനന്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആറ്റ്ലി പി. ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.