കാക്കനാട്: ജില്ലയിലെ കുടിവെള്ള ക്ഷാമ പ്രശ്നം ചർച്ച ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ ഉൾപ്പെടുത്തി വികസന സമിതി യോഗം ചേർന്നു. കളക്ടറേറ്റ് പ്ലാനിംഗ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
താലൂക്ക് അടിസ്ഥാനത്തിൽ മീറ്റിംഗുകൾ സംഘടിപ്പിച്ച് വരൾച്ചബാധിത പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാനുള്ള സംവിധാനം ഉറപ്പുവരുത്തുമെന്ന് ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടർ കെ.ടി. സന്ധ്യാദേവി അറിയിച്ചു. മുവാറ്റുപുഴ, പെരിയാർ എന്നിവിടങ്ങളിൽ നിന്നും മണൽ വാരാൻ അനുമതി നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഓരോ പഞ്ചായത്തിലെയും കടവുകൾ തീരുമാനിക്കാൻ നിർദ്ദേശം നൽകി. എത്രയും വേഗത്തിൽ ഇതിൽ തീരുമാനമുണ്ടാക്കുമെന്നും ഡപ്യൂട്ടി കളക്ടർ അറിയിച്ചു.
ജില്ലയിൽ 35 പഞ്ചായത്തുകൾ ഗുരുതര വരൾച്ച നേരിടുന്നതാണെന്ന് പഞ്ചായത്ത് വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ യോഗത്തിൽ അറിയിച്ചു. എറണാകുളം ഡിവിഷന്റെ കീഴിൽ വരുന്ന കടമക്കുടി പഞ്ചായത്തിൽ ഈ മാസം തന്നെ പൈപ്പ് മാറ്റിയിടുന്ന ജോലികൾ പൂർത്തിയാക്കുമെന്ന് വാട്ടർ അഥോറിറ്റി അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു. മരടിലെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ കൂടുതൽ സൗകര്യങ്ങൾ വെള്ളമെടുക്കുന്നതിന് ഒരുക്കിയിട്ടുണ്ട്.
കുടിവെള്ള വിതരണത്തിനായി സ്വകാര്യ കിണറുകളിൽ നിന്നും വെള്ളമെടുക്കാൻ പഞ്ചായത്തുകള്ള അനുവദിക്കണമെന്ന് യോഗത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനപ്രതിനിധികൾ ആവശ്യപ്പെട്ടു. പഞ്ചായത്തുകളിൽ ഉപയോഗിക്കാത്ത ടാപ്പുകൾ ഒഴിവാക്കി പഞ്ചായത്തുകളെ സാമ്പത്തിക ബാധ്യതയിൽ നിന്നും ഒഴിവാക്കണമെന്നും കനാലുകൾ വൃത്തിയാക്കി വെള്ളം ഒഴുക്കാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
ദുരന്ത നിവാരണ പ്ലാൻ തയാറാക്കൽ പുരോഗതിയും 2020-21 വർഷത്തെ പദ്ധതി രൂപീകരണ പുരോഗതിയും 2019 -20 വർഷത്തെ ഭേദഗതി പദ്ധതി അംഗീകാരവും യോഗം ചർച്ച ചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു , ഡി പി സി അംഗങ്ങളായ ഉഷ ശശിധരൻ, അയ്യപ്പൻ കുട്ടി എന്നിവർ പങ്കെടുത്തു.