ലഹരിയുടെ അന്ധകാരത്തെ അകറ്റി നന്മയുടെ വിളക്കുകൾ പ്രകാശം ചൊരിഞ്ഞു… നടൻ ഇന്ദ്രൻസ് തെളിയിച്ച വിമുക്തി ജ്വാലയിൽ നിന്നും വിദ്യാർഥികൾ അടക്കമുള്ളവർ തങ്ങളുടെ കൈയ്യിലെ മെഴുകുതിരിലേക്ക് ആ പ്രകാശം ഏറ്റുവാങ്ങി. കത്തി നിൽക്കുന്ന ദീപനാളത്തെ സാക്ഷിയാക്കി ലഹരിക്കെതിരെ അവർ പ്രതിജ്ഞയെടുത്തു.
ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ കണ്ണൂർ ടൗൺ സ്ക്വയറിൽ നടന്ന വിമുക്തി ദീപം തെളിയിക്കൽ  ഏറെ ശ്രദ്ധേയമായി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  കെ വി സുമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികൾ അടക്കമുള്ള വലിയൊരു സമൂഹം ഇന്ന് ലഹരിയുടെ പിടിയിൽ അകപ്പെട്ടിരിക്കുകയാണെന്നും പുതുതലമുറയെ  ലഹരിക്കടിമയാക്കി  ജീവിതം തകർത്തെറിയുന്ന അവസ്ഥ ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഹരി വസ്തുക്കളുടെ ലഭ്യത മാത്രമല്ല പ്രശ്നം. അവ ഇല്ലാതാക്കുന്നതിന് ഒപ്പം ലഹരിക്കെതിരെയുള്ള ബോധവത്കരണ പ്രവർത്തനങ്ങളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
 ജീവിതത്തിൽ എന്തൊക്കെ സാഹചര്യങ്ങളിൽ പെട്ടാലും ഏതൊക്കെ പ്രശ്നങ്ങൾ നേരിടേണ്ടി വന്നാലും  ഒരു ലഹരി വസ്തുവും ഉപയോഗിക്കില്ലെന്ന് നാം സ്വയ പ്രതിജ്ഞയെടുക്കണമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.
 നമുക്ക് എവിടെയോ പാളിച്ച പറ്റി എന്നുള്ളതിന് ഉദാഹരണമാണ് സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിയുടെ ഉപയോഗം എന്ന് നടൻ ഇന്ദ്രൻസ് പറഞ്ഞു. വിമുക്തി ജ്വാല തെളിയിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതമാണ് ലഹരി. തെളിഞ്ഞ മനസ്സോടെ ഇരിക്കുമ്പോഴാണ് ഏറ്റവും വലിയ ആനന്ദം ലഭിക്കുകയെന്നും ലഹരി ആ ആനന്ദം ഇല്ലാതാക്കുമ്പോഴാണ് നാം നമ്മളല്ലാതായി മാറുന്നതെന്നും ലഹരിക്കെതിരെ പോരാടാൻ നമുക്കോരോരുത്തർക്കും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ എ ഡി എം ഇ പി മേഴ്സി അധ്യക്ഷയായി. കണ്ണൂർ കോർപ്പറേഷൻ മേയർ സുമ ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം അജിത് മാട്ടൂൽ, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷ അഡ്വ.ഇന്ദിര, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി കെ സുരേഷ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വിനോദ് പൃത്തിയിൽ, റസിസിഡന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി ജോയ്,  വി വി ഷാജി, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.