മണ്ഡലത്തിലെ എല്‍പി-യുപി സ്‌കൂളുകള്‍ക്ക് സയന്‍സ് കിറ്റ് വിതരണം ചെയ്തു


സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കൊപ്പം എയിഡഡ് വിദ്യാലയങ്ങളെയും ചേര്‍ത്തിനിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാല ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെയും ധര്‍മടം മണ്ഡലത്തിലെ എല്‍പി-യുപി സ്‌കൂളുകള്‍ക്കുള്ള സയന്‍സ് കിറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എയിഡഡ് വിദ്യാലയങ്ങളെ കൂടി സമൂഹത്തിന്റെ പൊതുസ്വത്തായി കണ്ടുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. ഇത് വിദ്യാഭ്യാസ മേഖലയക്ക് വലിയ ഉത്തേജനമാണ് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ തന്നെ അംഗീകാരം നേടിയെടുക്കുന്ന രീതിയിലുള്ള മികച്ച മുന്നേറ്റമാണ് കേരളത്തിലെ വിദ്യാലയങ്ങള്‍ കൈവരിച്ചത്. അധ്യാപകര്‍, രക്ഷാകര്‍തൃ സമിതികള്‍, പൊതുജനങ്ങള്‍, സാമൂഹിക പ്രതിബദ്ധതയുള്ള കമ്പനികള്‍, പൂര്‍വ വിദ്യാര്‍ഥികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ളവരുടെ സഹകരണത്തോടെയാണ് ഈ നേട്ടം കൈവരിക്കാനായത്. അവര്‍ക്കെല്ലാം നന്ദി രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
1912ല്‍ എലിമെന്ററി വിദ്യാലയമായി ആരംഭിച്ച ചാല സ്‌കൂള്‍ ഇന്ന് ഹയര്‍ സെക്കന്ററി തലം വരെ എത്തിനില്‍ക്കുകയാണ്. ഒരു കാലത്ത് ചെമ്പിലോട്ടും പരിസരപ്രദേശങ്ങളിലുമുള്ളവര്‍ക്ക് ഹൈസ്‌കൂള്‍ പഠനത്തിന് ആശ്രയിക്കാവുന്ന ഏക സ്‌കൂളായിരുന്നു എകെജി പഠിപ്പിച്ച ഈ വിദ്യാലയമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രദേശത്തിന്റെ സാമൂഹിക പുരോഗതിയില്‍ വലിയ പങ്കുവവഹിച്ച ചാല സ്‌കൂളിനെ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ മികച്ച കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിഫ്ബിയില്‍ നിന്നുള്ള മൂന്നു കോടി ഉപയോഗിച്ച് നിര്‍മിച്ച മൂന്നു നില കെട്ടിടമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. അഞ്ച് ലാബുകള്‍, 400 പേര്‍ക്ക് ഇരിക്കാവുന്ന സമ്മേളന ഹാള്‍, ഭക്ഷണ മുറി, സ്റ്റേജ്, സ്റ്റാഫ് മുറികള്‍ എന്നിവ ഉള്‍പ്പെട്ടതാണ് കെട്ടിടം.
എംഎല്‍എ ഫണ്ടില്‍ നിന്നുള്ള 15 ലക്ഷം രൂപ ചെലവഴിച്ചാണ് മണ്ഡലത്തിലെ 101 എല്‍പി സ്‌കൂളുകള്‍ക്കും 38 യുപി സ്‌കൂളുകള്‍ക്കും സയന്‍സ് കിറ്റ് വിതരണം ചെയ്തത്. ഇവയില്‍ മൂന്നെണ്ണം ഒഴികെയുള്ളവ എയിഡഡ് വിദ്യാലയങ്ങളാണ്. മൈക്രോസ്‌കോപ്പ് ഉള്‍പ്പെടെ 55 ശാസ്ത്ര ഉപകരണങ്ങള്‍ അടങ്ങിയതാണ് സയന്‍സ് കിറ്റ്.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. കെ കെ രാഗേഷ് എംപി മുഖ്യാതിഥിയായി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം സി മോഹനന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി വി ലക്ഷ്മി (ചെമ്പിലോട്), കെ ഗിരീശന്‍ (കടമ്പൂര്‍), ടി വി സീത ടീച്ചര്‍ (അഞ്ചരക്കണ്ടി), സി പി അനിത (വേങ്ങാട്), ബേബി സരോജം (ധര്‍മടം), എം പി ഹാബിസ് (മുഴപ്പിലങ്ങാട്), പി കെ ഗീതമ്മ (പിണറായി), ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ ശോഭ, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാമകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം ഖദീജ ടീച്ചര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി സനകന്‍, വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ. രതീഷ് കാളിയാടന്‍, കക്ഷി നേതാക്കളായ പി കെ ശബരീഷ് കുമാര്‍, മമ്പറം ദിവാകരന്‍, ടി പ്രകാശന്‍ മാസ്റ്റര്‍, എന്‍ പി താഹിര്‍ ഹാജി, പ്രിന്‍സിപ്പല്‍ എ സുധാബിന്ദു, പ്രധാനാധ്യാപകന്‍ കെ വി ബാബുരാജ്, പിടിഎ പ്രസിഡന്റ് പി മഹേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.