തടവുകാരെ നിരാശയിലാക്കുന്ന നടപടികളുണ്ടാവരുത്
കൂത്തുപറമ്പ് സ്പെഷല്‍ സബ്ജയിലിന് മുഖ്യമന്ത്രി ശിലയിട്ടു

കണ്ണൂർ:  സംസ്ഥാനത്തെ ജയിലുകളില്‍ ആത്മഹത്യ പോലുള്ള ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ അന്തേവാസികളുടെ മാനസികാരോഗ്യം ശക്തിപ്പെടുത്തുന്നതിനായി കൗണ്‍സലിങ്ങ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂത്തുപറമ്പ് സ്പെഷല്‍ സബ് ജയിലിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിലില്‍ എത്തിപ്പെടുന്നവര്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം ചെറുതല്ല. അതിനെ അതിജീവിക്കാന്‍ കഴിയാതെ വരുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. തടവുകാര്‍ക്ക് അവരുടെതായ അവകാശങ്ങള്‍ ഉണ്ട്. അത് ആസ്വദിക്കാന്‍ അവര്‍ക്ക് കഴിയണം. പഴയ മാനസികാവസ്ഥയില്‍ തടവുകാരെ കാണുന്ന ചില സംഭവങ്ങള്‍ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാവുന്നുണ്ടോ എന്ന് സംശയിക്കേണ്ടതായിട്ടുണ്ട്.
ജയില്‍ ജീവിതത്തിലെ മെച്ചപ്പെട്ട അവസ്ഥയാണ് ഒരു തടവുകാരനെ തുറന്ന ജയിലില്‍ എത്തിക്കുന്നത്. മറ്റെല്ലാ ജയിലിലുള്ളവര്‍ക്കും ശിക്ഷയിളവിന് അര്‍ഹതയുണ്ടാവുകയും തുറന്ന ജയിലിലുള്ളവര്‍ക്ക് ആ ഇളവിന് അര്‍ഹതയില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുന്നത് നീതിപൂര്‍വകമാണോ എന്ന് ആലോചിക്കണം. തടവുകാരുടെ മാനസികനില മെച്ചപ്പെടുത്താനുള്ള നടപടികളാണ് ഉണ്ടാവേണ്ടത്. നിങ്ങളെത്ര നന്നായാലും നിങ്ങളുടെ കാര്യം പരിഗണിക്കപ്പെടില്ല എന്ന സ്ഥിതിയുണ്ടായാല്‍ അവര്‍ കടുത്ത നിരാശയിലാവുകയായിരിക്കും ഫലം. അത് സമൂഹത്തിന് തന്നെ ദോഷകരമായിത്തീരും. നാം ഇരിക്കുന്ന പദവി മറ്റുള്ളവരെ ദ്രോഹിക്കാനാണെന്ന ധാരണയോടെ നിലകൊള്ളുന്നത് ശരിയല്ല. മറ്റേതെങ്കിലും ദുസ്വാധീനത്തിന് വഴങ്ങി ജയിലിലെ നടപടിക്രമങ്ങളില്‍ തെറ്റായ നിലപാട് സ്വീകരിക്കുന്നുണ്ടോ എന്ന കാര്യം സൂക്ഷ്മമായി പരിശോധിക്കണം. അല്ലാത്ത പക്ഷം അത് തടവുകാരുടെ മാനസികാരോഗ്യം മോശമാക്കുന്ന സ്ഥിതിയുണ്ടാവുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ശിക്ഷാ കാലാവധിക്ക് ശേഷം പുറത്തിറങ്ങുമ്പോള്‍ പരാശ്രയമില്ലാതെ ജീവിക്കുന്നതിനായി ഒട്ടനവധി തൊഴിലധിഷ്ഠിത പരിശീലനങ്ങളാണ് ജയിലില്‍ നല്‍കിവരുന്നത്. മരപ്പണി, നെയ്ത്ത് തുടങ്ങിയ മേഖലകളില്‍ ആധുനിക യന്ത്രവല്‍ക്കരണം നടപ്പാക്കുന്നതിന് 91 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിക്കഴിഞ്ഞു.  ജയില്‍ വാസം കഴിഞ്ഞ് പുറത്തിറങ്ങുന്നവരെ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരായി മാറ്റുകയാണ് ഇത്തരം നടപടികളുടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിന് സമൂഹത്തിന്റെ സഹകരണം കൂടി അത്യവശ്യമാണ്. പഴയ കാഴ്ച്ചപ്പാടോടെ ആരും ജയിലിലെ അന്തേവാസികളെ കാണരുത് മുഖ്യമന്ത്രി സുചിപ്പിച്ചു.
ജയില്‍ സുരക്ഷക്ക് സര്‍ക്കാര്‍ പ്രധാന പരിഗണനയാണ് നല്‍കുന്നത്. തടവുകാരെ കോടതികളിലേക്ക് കൊണ്ടുപോകുന്നതിനു പകരം വീഡിയോ കോണ്‍ഫറന്‍സിങ്ങ് സംവിധാനം എല്ലാ പ്രധാന ജയിലുകളിലേക്കും വ്യാപിപ്പിക്കും. പ്രധാന ജയിലുകളിലെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്തുന്നതിനുള്ള നടപടികള്‍ ത്വരിപ്പെടുത്തുകയാണ്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഇ ഫയലിങ്ങ്, ഇ പ്രിസണ്‍ സോഫ്റ്റ്‌വെയര്‍ എന്നീ സംവിധാനങ്ങളും നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലയിലെ പതിനഞ്ച് പോലീസ് സ്റ്റേഷനാണ് കൂത്തുപറമ്പിലെ നിര്‍ദ്ദിഷ്ട സബ്ജയിലിന് കീഴില്‍ വരിക. ചെറിയ കേസിലെ പ്രതികളെപ്പോലും സെന്‍ട്രല്‍ ജയിലിലേക്കയക്കേണ്ടിവരുന്ന നിലവിലെ സ്ഥിതിക്ക് പരിഹാരമായാണ് പുതിയ ജയില്‍ ഒരുങ്ങുന്നത്. 3 കോടി 30 ലക്ഷം രൂപ ചിലവിലാണ് നിര്‍മ്മാണം. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ജയിലിന്റെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷയായി. കെ മുരളീധരന്‍ എംപി, കെ കെ രാഗേഷ് എംപി, കൂത്തുപറമ്പ് നഗരസഭ അധ്യക്ഷന്‍ എം സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകന്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ കെ വി രജീഷ്, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് ഋഷിരാജ് സിങ്ങ്, ഉത്തരമേഖല ജയില്‍ ഡിഐജി എം കെ വിനോദ് കുമാര്‍, തലശ്ശേരി സെഷന്‍സ് ജഡ്ജ് ടി ഇന്ദിര, പി ഡബ്ല്യു ഡി സുപ്രണ്ടിങ്ങ് എഞ്ചിനിയര്‍ സൈജമോള്‍ എന്‍ ജേക്കബ്,  വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.