കണ്ണൂർ: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് നല്‍കി വരുന്ന വിദ്യാഭ്യാസ അവാര്‍ഡിന്റെയും ഒറ്റത്തവണ സ്‌കോളര്‍ഷിപ്പിന്റെയും ജില്ലാതല വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിച്ചു. ചടങ്ങില്‍ 38 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡും സ്‌കോളര്‍ഷിപ്പും വിതരണം ചെയ്തു. സംസ്ഥാന കലാ കായികമേളയില്‍ സമ്മാനാര്‍ഹരായ ക്ഷേമനിധി അംഗങ്ങളുടെ മക്കളെയും ചടങ്ങില്‍ അനുമോദിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ സി പി രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ വെള്ളോറ രാജന്‍, കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അശോകന്‍ പാറക്കണ്ടി, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ ഡി സുനില്‍കുമാര്‍, അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സുജാത മലാല്‍, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.