കൊച്ചി: തന്റെ കഥകള്‍ തന്നെയാണ് തന്റെ അനുഭവക്കുറിപ്പുകളെന്ന് എഴുത്തുകാരി പി. വത്സല. ഓരോ കഥയും ഓരോ ഓര്‍മയില്‍ നിന്നുണ്ടായ കഥയാണ്. ഞാന്‍ അനുഭവിക്കാത്ത കഥകള്‍ എഴുതിയിട്ടില്ല, പി. വത്സല പറഞ്ഞു. കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ജീവിതവും എഴുത്തും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

തിരക്കഥയല്ല കഥയെഴുതാനാണ് ഇഷ്ടമെന്നും അവര്‍ പറഞ്ഞു. നോവലിനേക്കാള്‍ കഥ എഴുതുന്നതാണ് ഇഷ്ടം. എല്ലാ കഥകളും വേണമെങ്കില്‍ സിനിമ ആക്കാം, അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. നെല്ല് സിനിമയായപ്പോള്‍ എഴുത്തുകാരി എന്ന നിലയില്‍ അത് തന്റെ സിനിമയായി തോന്നിയിട്ടില്ല. തന്റെ നോവലിനെ അടിസ്ഥാനമാക്കിയെടുത്ത സിനിമയെന്നാണ് തോന്നിയത്.

അനുഭവങ്ങള്‍ പറയാന്‍ വേണ്ടിയാണ് എഴുതാന്‍ തുടങ്ങിയത്. പിന്നീട് മറ്റുള്ളവരുടെ അനുഭവങ്ങള്‍ പറയാന്‍ വേണ്ടി വയനാടിന്റെ കഥകള്‍ പറഞ്ഞുവെന്നും അവര്‍ വ്യക്തമാക്കി. വയനാട്ടില്‍ പോയപ്പോള്‍ ജീവിതം മാറിയത് പോലെയാണ് തോന്നിയത്. അവിടെ പോയപ്പോള്‍ ഉള്ള ജീവിതം മുന്‍പ് നഷ്ടപ്പെട്ട ജീവിതമാണെന്ന് തോന്നി. എഴുതാനുള്ള പ്രേരണ തന്റെ ഉള്ളില്‍ തന്നെയാണുള്ളതെന്നും അവര്‍ പറഞ്ഞു.