പുതിയ ഉല്പന്നങ്ങളുടെ വിപണനോദ്ഘാടനം മന്ത്രി നിർവഹിച്ചു

ആയൂർവേദ ഔഷധങ്ങളായ അത്തി, അരയാൽ, പേരാൽ, ചന്ദനം, രാമച്ചം, നന്നാറി (നറുനീണ്ടി) തുടങ്ങിയവ ചേർത്ത് പാകപ്പെടുത്തിയ ഉരുക്ക് വെളിച്ചെണ്ണയായ ബേബി കെയർ ഓയിൽ, കേര ഫോർട്ടിഫൈഡ് വെളിച്ചെണ്ണ എന്നീ പുതിയ ഉല്പന്നങ്ങൾ കേരഫെഡ് പുറത്തിറക്കി. ഉല്പന്നങ്ങളുടെ വിപണനോദ്ഘാടനം പ്രസ്‌ക്ലബ് ടി.എൻ.ജി ഹാളിൽ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു.

അടുത്തമാസത്തോടെ കേരളത്തിലെ വ്യാജ വെളിച്ചെണ്ണ വില്പന പൂർണമായും നിരോധിക്കാനുള്ള നടപടിയിലാണെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷാ കമ്മീഷന്റെ അനുമതിയുള്ള വെളിച്ചെണ്ണ ഉല്പന്നങ്ങൾ മാത്രമേ ഇനി മുതൽ വിൽക്കാൻ അനുവദിക്കൂ. പൊതുമേഖലാ സ്ഥാപനങ്ങളുടെ പായ്ക്കിംഗ് അന്താരാഷ്ട്ര നിലവാരത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.

140 കോടി രൂപയിൽ നിന്ന് 320 കോടി രൂപയുടെ വിറ്റാദായത്തിലേക്കെത്താൻ കേരഫെഡിനായിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു. കുട്ടികളിലുണ്ടാകുന്ന അലർജി, ശ്വാസകോശ രോഗങ്ങൾ എന്നിവയെ അകറ്റി ചർമ്മ സംരക്ഷണത്തിനും ഉഷ്ണ രോഗങ്ങളിൽ നിന്നും ത്വഗ് രോഗങ്ങളിൽ നിന്നും ചെറുക്കാൻ സഹായിക്കുന്നതാണ് ബേബി കെയർ ഓയിൽ.

അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കുണ്ടാകുന്ന വൈറ്റമിൻ എ, വൈറ്റമിൻ ഡി എന്നിവയുടെ കുറവ് പരിഹരിക്കുന്നതിന് ലക്ഷ്യമിട്ടാണ് കേര ഫോർട്ടിഫൈഡ് വെളിച്ചെണ്ണയുടെ ഉല്പാദനം. വനിതാ ശിശുക്ഷേമ വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഫോർട്ടിഫിക്കേഷൻ നടത്തിയ കേര വെളിച്ചെണ്ണ അംഗനവാടികൾ മുഖേന വിതരണം ചെയ്യും. പൊതു വിപണിയിലും ഇവ ലഭ്യമാകും. പദ്ധതിക്കുള്ള സാങ്കേതിക സഹായകങ്ങൾ കർണാടക ഹെൽത്ത് പ്രൊമോഷൻ ട്രസ്റ്റ്, ഗ്ലോബൽ അലയൻസ് ഫോർ ഇംപ്രൂവ്ഡ് നൂട്രീഷ്യൻ എന്നീ സർക്കാരിതര ഏജൻസികളാണ് നൽകുന്നത്.

കേരഫെഡിലേക്കുള്ള നിയമനം പി.എസ്.സി മുഖേനയാക്കിയതിന് ചടങ്ങിൽ മന്ത്രിയെ ആദരിച്ചു. കൃഷി വകുപ്പ് ഡയറക്ടർ രത്തൻ കേൽക്കർ, കേരഫെഡ് ചെയർമാൻ അഡ്വ. ജെ. വേണുഗോപാലൻ നായർ, മാനേജിംഗ് ഡയറക്ടർ എൻ. രവികുമാർ, വൈസ് ചെയർമാൻ രമേഷ് ബാബു, സതീഷ് ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.