സൗരോര്‍ജ്ജത്തില്‍നിന്നും പ്രതിദിനം 1000 മെഗാവാട്ട് വൈദ്യുതി തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പു മന്ത്രി എം.എം.മണി. നടക്കാവ് ഇംഗ്ലീഷ് ചര്‍ച്ച് പാരിഷ് ഹാളില്‍ കോഴിക്കോട് ജില്ലാ വൈദ്യുതി അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെട്ടിടങ്ങള്‍ക്കു മുകളിലും ജലോപരിതലത്തിലും സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ച് 500 മെഗാവാട്ട് വീതം വൈദ്യുതോല്‍പ്പാദനം ലക്ഷ്യമിടുന്നു. കൃഷി അസാധ്യമായ തരിശുപാടങ്ങളും പ്രയോജനപ്പെടുത്താം. താല്‍പര്യമുള്ള സ്വകാര്യവ്യക്തികള്‍ക്ക് കെഎസ്ഇബി അധികൃതരുമായി ബന്ധപ്പെടാം.

സൗരോര്‍ജ്ജം ഇത്തരത്തില്‍ ഫലപ്രദമായി വിനിയോഗിച്ചില്ലെങ്കില്‍ വൈദ്യുത മേഖലയില്‍ നമുക്ക് സുസ്ഥിരത കൈവരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കാറ്റ് വെള്ളം, സൗരോര്‍ജ്ജം തുടങ്ങിയ പ്രകൃതിദത്ത ഊര്‍ജ്ജങ്ങളെല്ലാമുപയോഗിച്ച് വൈദ്യുതോല്‍പ്പാദനത്തിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മുന്നേറാനാകണം.

ആവശ്യമായതിന്റെ 30 ശതമാനം വൈദ്യുതി മാത്രമേ സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. ഹ്രസ്വകാല, ദീര്‍ഘകാല കരാറുകള്‍ വഴി 70 ശതമാനം പുറത്തുനിന്നും വാങ്ങുകയാണ്. വൈദ്യുതിവിതരണവുമായി ബന്ധപ്പെട്ട് മൂന്ന് കാര്യങ്ങളാണ് അധികാരമേല്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയത്.

സമ്പൂര്‍ണ വൈദ്യുതീകരണം, കറന്റുകട്ട് ഇല്ലാതിരിക്കല്‍, ലോഡ്ഷെഡ് ഒഴിവാക്കല്‍. കഴിഞ്ഞ മൂന്നര വര്‍ഷമായി സര്‍ക്കാര്‍ ഈ വാക്ക് തെറ്റിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
പെരുവണ്ണാമൂഴി, പള്ളിവാസല്‍ തുടങ്ങിയ ചെറുകിട ജലസേചനപദ്ധതികള്‍ ഫലപ്രദമാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇടുക്കിയില്‍ ഒരു ഭൂഗര്‍ഭ പവര്‍ഹൗസ് കൂടി നിര്‍മിക്കുന്ന കാര്യം പരിഗണനയിലാണെന്നും അറിയിച്ചു.

അദാലത്തില്‍ പരാതികളുടെ എണ്ണം കുറവായത് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് തെളിവാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തൊഴില്‍ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പ്രകൃതിദുരന്തങ്ങളുംമറ്റുമുണ്ടായ സമയത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം വകുപ്പ് ജീവനക്കാര്‍ രാവും പകലും പ്രതിബദ്ധതയോടെ ജോലി ചെയ്തു.

ട്രേഡ് യൂണിയന്‍ സംഘടനകളുടെ അഭിപ്രായങ്ങള്‍ മുഖവിലക്കെടുത്ത് നടപടി സ്വീകരിച്ച് പ്രശ്നപരിഹാരം കാണുന്നത് വകുപ്പിനെ മുമ്പില്ലാത്തവണ്ണം സജീവമാക്കിയതായും അദ്ദേഹം പറഞ്ഞു. വകുപ്പിലെ ആശ്രിതനിയമനങ്ങള്‍ സാങ്കേതിക പ്രശനങ്ങളില്ലാതെ പൂര്‍ത്തിയാക്കി. ജനങ്ങളെ മനസ്സില്‍ കണ്ട് കൂട്ടുത്തരവാദിത്തത്തോടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ 10ാമത് അദാലത്താണ് കോഴിക്കോട് നടന്നത്. ജനുവരി 11 വയനാട് ജില്ലയിലാണ് അദാലത്ത് ആരംഭിച്ചത്. കോഴിക്കോട്, ഫറൂഖ്, നാദാപുരം, വടകര, ബാലുശ്ശേരി വൈദ്യുത ഡിവിഷനുകളാണ് ജില്ലയിലുള്ളത്. ഉപഭോക്താക്കളുടെ പരാതികളും അപേക്ഷകളും അതത് കൗണ്ടറുകളില്‍ സ്വീകരിച്ചു.

ഉല്‍പ്പാദനം സംബന്ധിച്ച ഏഴും വിതരണം സംബന്ധിച്ച് ഒമ്പതുമടക്കം 930 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. 505 പരാതികള്‍ അദാലത്തില്‍ പരിഹരിച്ചു. 266 പരാതികള്‍ തുടര്‍ നടപടിക്കായി മാറ്റി. ശേഷിക്കുന്നവയില്‍ തുടരന്വേഷണം നടത്തി നടപടി സ്വീകരിക്കും.

വിവിധ ഭവനപദ്ധതികളിലുള്‍പ്പെടുത്തി വീടു ലഭിച്ചവര്‍ക്ക് വൈദ്യുതി കണക്ഷന്‍ നേടുന്നതിലെ പ്രതിബന്ധം ഒഴിവാക്കുക, ജീവനും ഗതാഗതത്തിനും ഭീഷണിയായ വൈദ്യുത കമ്പികള്‍, സ്റ്റേ വയറുകള്‍, ട്രാന്‍സ്ഫോമറുകള്‍ തുടങ്ങിയവ മാറ്റി സ്ഥാപിക്കുക, ബില്ലിലെ അപാകതകള്‍ പരിഹരിക്കുക, അന്യരുടെ ഭൂമിക്കു മുകളിലൂടെ വൈദ്യുത ലൈന്‍ കടന്നു പോകുന്നതു സംബന്ധിച്ച തര്‍ക്കം പരിഹരിക്കുക തുടങ്ങിയവയാണ് അദാലത്തുകൊണ്ട് ഉദ്ദേശിക്കുന്നത്.

കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള അദാലത്തിനെക്കുറിച്ച് വിശദീകരിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, മുഖ്യാതിഥിയായിരുന്നു. എംഎല്‍എമാരായ എ.പ്രദീപ് കുമാര്‍, വികെസി മമ്മദ് കോയ, കാരാട്ട് റസാഖ്, പാറയ്ക്കല്‍ അബ്ദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കൗണ്‍സിലര്‍ പൊറ്റങ്ങാടി കിഷന്‍ചന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.