തൃശ്ശൂർ: പോലീസുകാരനാണോ കൃഷിക്കാരനാണോ എന്ന് ചോദിച്ചാൽ ഒരു കാർഷികമനസ്സ് തങ്ങളിൽ ജന്മനായുണ്ടെന്ന് ഷനിലും വിബീഷും ഒരേസ്വരത്തിൽ പറയും. തൃശൂർ ജില്ലയിലെ പുല്ലൂറ്റ് പെരിങ്ങപ്പാടം സ്വദേശികളായ വിബീഷും ഷനിലും പൊട്ടുവെള്ളരി കൃഷിയിൽ നൂറുമേനി വിളയിച്ചിരിക്കുകയാണ്. നെടുമ്പാശ്ശേരി എയർപോർട്ടിൽ സിവിൽ പൊലീസാണ് ഷനിൽ. വിബീഷ് അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷനിലും.

കൃഷിയിൽ ഇവർക്ക് കൂട്ടിന് കൂലിപ്പണിക്കാരായ മുട്ടത്താഴം ലെനിനും കാര്യേഴത്ത് ദിലീപും കച്ചവടക്കാരനായ വാടശ്ശേരി സുരേഷ് ബാബുവും കൂടെയുണ്ട്. ജോലിക്കിടയിലും കൃഷിയോടുള്ള താൽപ്പര്യം വിടാതെ സൂക്ഷിച്ച സംഘം സുരേഷ് ബാബുവിന്റെ 80 സെന്റ് സ്ഥലത്താണ് പൊട്ടുവെള്ളരി കൃഷിയിറക്കുന്നത്. സർക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായാണ് അഞ്ചംഗ സംഘം കൃഷി ചെയ്തത്.

1000 മീറ്ററിൽ ഒൻപത് വരികളായാണ് കൃഷി. 250 ഗ്രാം വിത്താണ് വിതച്ചത്. ഒരു കിലോ വിത്തിന് 10,000 രൂപയാണ്. തികച്ചും ജൈവ മാതൃകയിലായിരുന്നു കൃഷി. കോഴിവിസർജ്ജ്യം, ശർക്കരയും കപ്പലണ്ടി പിണ്ണാക്കും ചേർന്ന മിശ്രിതം, ഗോമൂത്രവും ആട്ടിൻമൂത്രവും ചേർന്ന മിശ്രിതം എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്. കീടനാശിനിയ്ക്ക് പകരം കീടങ്ങളെ തുരത്താൻ ‘സിറമോൺ ട്രാപ്’ എന്ന കെണിയാണ് ഉപയോഗിക്കുന്നത്.

10 വർഷമായി സർവ്വീസിലുള്ള വിബീഷ് നാട്ടിലെ അറിയപ്പെടുന്ന നെൽ കർഷകനാണ്. കതിർ എന്ന കൂട്ടായ്മയിൽ അംഗവുമാണ്. ഒരു ചെറുകിട-വീട്ടുകൃഷിയുടെ സ്വഭാവമാണ് എട്ട് വർഷം സർവീസുള്ള ഷനിലിന്റേത്. കൂലിപ്പണിയും കച്ചവടവും ഉപജീവനമായപ്പോഴും കൃഷിയോടുള്ള താൽപര്യമാണ് മറ്റ് മൂവരെയും ഒരുമിച്ച് കൃഷി ചെയ്യാൻ പ്രേരിപ്പിച്ചത്.

കൃഷിയുമായി ബന്ധംവെയ്ക്കുന്ന മനസ്സുകൾ സമൂഹത്തിൽ പൊതുവെ കുറഞ്ഞുവരുന്നു എന്ന് തോന്നിപ്പിക്കുന്ന കാലത്താണ് ഇവരെപ്പോലെയുള്ള ചെറുപ്പക്കാർ സമൂഹത്തിന് മാതൃകയാകുന്നത്. വിളവെടുപ്പുത്സവം അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ നഗരസഭ വൈസ് ചെയർപേഴ്‌സൺ ഹണി പീതാംബരൻ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി കെ രാമനാഥൻ, കൗൺസിലർ വി ജി രതീഷ് എന്നിവർ പങ്കെടുത്തു.