സംസ്ഥാനത്തെ ചെറുതും വലുതുമായ തുറമുഖങ്ങളുടെ വികസനത്തിനുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുമെന്ന് തുറമുഖ വികസന വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കേരളത്തിന്റെ തീരദേശ മേഖലയ്ക്ക് ധാരാളം വികസന സാധ്യതകളുണ്ട്. പക്ഷേ, വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ പ്രാദേശികമായ പല പ്രശ്‌നങ്ങളും തടസങ്ങളും ഉയര്‍ന്നുവരും. എന്നാല്‍ പ്രദേശത്തിന്റെ വികസനത്തിനുവേണ്ടിയുള്ള സര്‍ക്കാര്‍ നടപടികളോട് ജനങ്ങളും പ്രദേശവാസികളും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം വലിയ തുറയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ തുറമുഖ ഗസ്റ്റ് ഹൗസും ക്വാര്‍ട്ടേഴ്‌സും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
    സര്‍ക്കാര്‍ സംവിധാനങ്ങള്‍ 24 മണിക്കൂറും നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട മേഖലയാണ് തുറമുഖ മേഖല. മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും സുരക്ഷിതത്വത്തിനും തീര സുരക്ഷയ്ക്കും തുറമുഖ ജീവനക്കാരുടെ സാമീപ്യം തുറമുഖത്ത് അത്യാവശ്യമാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് തുറമുഖങ്ങളില്‍ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസും ക്വാര്‍ട്ടേഴ്‌സും നിര്‍മിക്കാന്‍ തീരുമാനിച്ചത്. കാസര്‍ഗോഡ,് അഴീക്കല്‍ തുറമുഖങ്ങളില്‍ ജീവനക്കാര്‍ക്ക് ഗസ്റ്റ്ഹൗസും ക്വാര്‍ട്ടേഴ്‌സും അനുവദിച്ചുകഴിഞ്ഞു. ആലപ്പുഴയിലെ ക്വാര്‍ട്ടേഴ്‌സ് നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
    വി.എസ്. ശിവകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പാളയം രാജന്‍, ബീമാപള്ളി റഷീദ്, തുറമുഖ വകുപ്പ് ഡയറക്ടര്‍ എച്ച്. ദിനേശന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. വിനോതു തുടങ്ങിയവര്‍ സംബന്ധിച്ചു.