സിനിമ മേഖലയിൽ സ്ത്രീകളുടെ സാന്നിധ്യം ശക്തിപ്പെടേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നു സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ. അഭിനയ രംഗത്തുപോലും പുരുഷന്റെ നിഴലായി സ്ത്രീ മാറുന്ന രീതിക്കു മാറ്റം വരണമെന്നും സ്ത്രീയുടെ വീക്ഷണ കോണിൽനിന്നുള്ള സിനിമ ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണു വനിതകളുടെ സംവിധാനത്തിൽ ചലച്ചിത്രങ്ങൾ നിർമിക്കുന്ന പദ്ധതിക്കു തുടക്കമിടുന്നതെന്നും മന്ത്രി പറഞ്ഞു. ചലച്ചിത്ര വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ വനിതകളുടെ സംവിധാനത്തിൽ സിനിമ നിർമിക്കുന്ന പദ്ധതിയുടെ ഭാഗമായി ‘ഡൈവോഴ്സ്’ എന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ നിർവഹിക്കുകയായിരുന്നു മന്ത്രി.

പഴയ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ ശക്തി ഇന്നത്തെ മുഖ്യധാരാ സിനിമകളിൽ കാണാറില്ലെന്നു മന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീ കഥാപാത്രങ്ങൾക്കു സ്വന്തമായ വ്യക്തിത്വം കൽപ്പിച്ചുകൊടുക്കുന്ന സിനിമകൾ അപൂർവമായിരിക്കുന്നു. സിനിമ രംഗത്തു പുരുഷാധിപത്യം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ നിസാരമായി കാണാനാകില്ല. ഇതു സാംസ്‌കാരിക മേഖലയുടെ പ്രധാന ശൃംഘലയെ ബാധിക്കുന്നതിനു പുറമേ മൗലീകമായ കഴിവുകളുള്ളവർ വളർന്നു വരുന്നതും ഇല്ലാതാക്കുന്നു. ദളിത് വിഭാഗത്തിന്റെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സിനിമയിലും സാംസ്‌കാരിക രംഗത്തും കാണുന്ന കുറവുകൾ പരിഹരിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.

സിനിമ മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പൂർണമായി ഇല്ലാതാക്കാൻ സമഗ്ര നിയമ നിർമാണം ആവശ്യമാണ്. സിനിമ മേഖലയ്ക്കായി പെരുമാറ്റച്ചട്ടവും അത് ഉറപ്പാക്കുന്നതിനായി റെഗുലേറ്ററി അതോറിറ്റിയും രൂപീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ചർച്ചകൾ പൂർത്തിയാക്കി ബില്ലിന് അന്തിമ രൂപം നൽകും. സർഗാത്മകതയുടെ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള ചുവടുവയ്പ്പായാണു സർക്കാർ ഈ ശ്രമങ്ങളെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.

മ്യൂസിയം ബാൻഡ് ഹാളിൽ നടന്ന ചടങ്ങിൽ സിനിമയുടെ അണിയറ പ്രവർത്തകർക്കുള്ള അഡ്വാൻസും വിതരണം ചെയ്തു. കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ. കരുൺ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ഹരിത കേരളം മിഷൻ വൈസ് ചെയർപേഴ്സൺ ടി.എൻ. സീമ, യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്ത ജെറോം, പ്ലാനിങ് ബോർഡ് അംഗങ്ങളായ കെ.എൻ. ഹരിലാൽ, മൃദുൽ ഈപ്പൻ, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുമപ, കെ.എസ്.എഫ്.ഡി.സി. ബോർഡ് അംഗം ഭാഗ്യലക്ഷ്മി, മാനേജിങ് ഡയറക്ടർ എൻ. മായ തുടങ്ങിയവർ പങ്കെടുത്തു.