കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷനിൽ (കൈറ്റ്) മാസ്റ്റർ ട്രെയിനർമാരെ തിരഞ്ഞെടുക്കുന്നു. ഹയർ സെക്കൻഡറി-വൊക്കേഷണൽ ഹയർസെക്കൻഡറി/ ഹൈസ്‌കൂൾ/ പ്രൈമറി സ്‌കൂൾ അധ്യാപകർക്ക് അപേക്ഷിക്കാം. എയിഡഡ് മേഖലയിൽ നിന്നുള്ള അപേക്ഷകർ സ്‌കൂൾ മാനേജരിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം അഭിമുഖ സമയത്ത് സമർപ്പിക്കണം.

ഹൈസ്‌ക്കൂൾതലം വരെയുള്ള അപേക്ഷകർക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഗണിതം, സോഷ്യൽ സയൻസ്, ഭാഷാ വിഷയങ്ങൾ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദവും ബി.എഡും കമ്പ്യൂട്ടർ പ്രാവീണ്യവും ഉണ്ടായിരിക്കണം. പ്രവർത്തന പരിചയമുള്ള കമ്പ്യൂട്ടർ നിപുണരായ അധ്യാപകർക്കും സ്‌കൂൾ ഐ.ടി/ഹയർ സെക്കന്ററി സ്‌കൂൾ ഐ.ടി./പി.എസ്.ഐ.ടി. കോ-ഓർഡിനേറ്റർ/കൈറ്റ് മാസ്റ്റർ/കൈറ്റ് മിസ്ട്രസ്മാർക്ക് മുൻഗണന ലഭിക്കും.

ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലേയ്ക്കുള്ള ഡിജിറ്റൽ വിഭവ നിർമാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ-ഗവേണൻസ് പ്രവർത്തനങ്ങൾ തുടങ്ങി കൈറ്റ് നിർദ്ദേശിക്കുന്ന മറ്റു ജോലികളും ചെയ്യാൻ സന്നദ്ധരായവരാണ് അപേക്ഷിക്കേണ്ടത്. ഇപ്പോൾ ജോലി ചെയ്യുന്ന റവന്യൂ ജില്ലയിൽ തന്നെ മാസ്റ്റർ ട്രെയിനർമാരായി പ്രവർത്തിക്കാൻ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

www.kite.kerala.gov.in  ൽ ഓൺലൈനായി 25ന് മുൻപ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവരെ കൈറ്റിന്റെ നിലവിലെ മാനദണ്ഡങ്ങൾക്ക് വിധേയമായി വർക്കിംഗ് അറേഞ്ച്‌മെന്റ് വ്യവസ്ഥയിൽ നിയോഗിക്കും.