പാലക്കാട്: കോവിഡ്-19 രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി പാലക്കാട് സിവില്‍ സ്റ്റേഷനില്‍ എത്തുന്ന ജീവനക്കാരെയും പൊതുജനങ്ങളെയും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന തുടങ്ങി. കലക്ടറേറ്റില്‍ എത്തുന്നവരുടെ ശരീര ഊഷ്മാവ് പരിശോധിച്ചശേഷമാണ് അകത്തേക്ക് കടത്തി വിടുന്നത്. കൂടാതെ പനി, ജലദോഷം, ചുമ ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുക, അടുത്ത കാലത്ത് ചെയ്ത യാത്രകള്‍ തുടങ്ങിയവ വിവരങ്ങള്‍ ചോദിച്ചറിയുന്നുണ്ട്.
നിലവില്‍ സിവില്‍ സ്‌റ്റേഷന്‍ പരിശോധന നടത്തിയ ആര്‍ക്കും തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടില്ല. കരുണ മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് വിദ്യാര്‍ഥികളാണ് പരിശോധന നടത്തുന്നത്. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പരിശോധന നടക്കുക. സിവില്‍ സ്റ്റേഷന് മുന്‍വശത്ത് തന്നെ കൈ കഴുകാനുള്ള താല്‍ക്കാലിക സംവിധാനവും നിലവിലുണ്ട്.