പാലക്കാട്: കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി പാലക്കാട് സ്റ്റേഡിയം ബസ്റ്റാന്‍ഡില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും കൈ കഴുകാന്‍ സൗകര്യമൊരുക്കി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പ്. ഹാന്‍ഡ് വാഷ്, സോപ്പ്, വെള്ളം  ഉള്‍പ്പെടെയുള്ള രോഗപ്രതിരോധ സംവിധാനമാണ് ബസ്റ്റാന്റ് പരിസരത്ത് ഒരുക്കിയിരിക്കുന്നത്.
കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സംവിധാനം ഒരുക്കിയതെന്ന് ഫയര്‍ ആന്റ് റെസ്‌ക്യൂ ജില്ലാ മേധാവി അരുണ്‍ ഭാസ്‌കര്‍ പറഞ്ഞു. ശുചിത്വം ഉറപ്പു വരുത്താന്‍ ജനങ്ങള്‍ക്ക്  പൊതുഇടങ്ങളില്‍  സൗകര്യം ഒരുക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
കോവിഡ്-19:  നിയന്ത്രണം ലക്ഷ്യമാക്കി സമ്പര്‍ക്കം കുറയ്ക്കണം

കോവിഡ്-19 നിയന്ത്രണം ലക്ഷ്യമാക്കി വരാനിരിക്കുന്ന ദിവസങ്ങളില്‍ പൊതുജനങ്ങള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയാന്‍ ശ്രമിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. അനാവശ്യ യാത്രകള്‍ ഒഴിവാക്കുക, പുറത്തേക്കിറങ്ങുകയാണെങ്കില്‍  മറ്റുള്ളവരുമായി ഒരു മീറ്റര്‍ അകലം പാലിക്കുക, രോഗലക്ഷണങ്ങളുള്ളവരുമായി  ഇടപെടാതിരിക്കുക, രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ ഫോണ്‍ വഴി ഡോക്ടറുടെ സഹായം തേടുക, ഇതിനായി പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസ് കണ്‍ട്രോള്‍ റൂം നമ്പര്‍ 0491 2505264 ല്‍ ബന്ധപ്പെടാവുന്നതാണ്.

65 വയസ്സില്‍ മുകളിലുള്ളവരെ വരും ദിവസങ്ങളില്‍ ഒരു കാരണവശാലും പുറത്തിറക്കാതിരിക്കുക,  പുറത്തു പോയി വരുന്ന ആളുകള്‍ ശുചിത്വം പാലിച്ചതിനു ശേഷം  മറ്റുള്ളവരുമായി ഇടപഴകുക എന്നീ കാര്യങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

കോവിഡ് 19: മാലിന്യ സംസ്‌കരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം 

കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി  മാലിന്യ സംസ്‌കരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്ന ഹരിതകര്‍മ്മസേനകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഹരിതകര്‍മ്മസേനകള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.

രോഗപ്രതിരോധത്തിന്റെ ഭാഗമായി ഹോം ക്വാറന്റൈയിനിലുള്ളവരുടെ വീടുകളില്‍ നിന്നും  ജൈവമാലിന്യങ്ങള്‍ ക്വാറന്റൈയിന്‍ കാലാവധി കഴിയുന്നതുവരെ ശേഖരിക്കേണ്ടതില്ല. ഹരിത കര്‍മ്മ സേന അംഗങ്ങള്‍ ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ കൈയുറ, മാസ്‌ക് എന്നിവ നിര്‍ബന്ധമായും ധരിക്കണം. എം.സി.എഫ.്, ആര്‍.ആര്‍.എഫ.്  തുടങ്ങിയ സ്ഥലങ്ങളില്‍  പ്രവര്‍ത്തിക്കുന്നവര്‍ കയ്യുറയും മാസ്‌കും നിര്‍ബന്ധമായി ധരിക്കുകയും കൈയ്യുറ അതത് ദിവസം കഴുകി സൂക്ഷിക്കുകയും മാസ്‌ക് സുരക്ഷിതമായി സംസ്‌കരിക്കുകയും ചെയ്യണം.

ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ ഇടയ്ക്കിടയ്ക്ക് സോപ്പും സാനിട്ടൈസറും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം. കൈയുറകള്‍ ധരിച്ചുകൊണ്ട് മുഖത്തും മറ്റു ശരീരഭാഗങ്ങളിലും സ്പര്‍ശിക്കരുത്.വ്യക്തികള്‍ ഉപയോഗിക്കുന്ന മാസ്‌ക്കുകള്‍, കൈയുറ എന്നിവ വീടുകളില്‍ നിന്നും ശേഖരിക്കേണ്ടതില്ല.  പനി, ജലദോഷം, തൊണ്ടവേദന, ചുമ, തുമ്മല്‍, മൂക്കൊലിപ്പ് തുടങ്ങിയവ ലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും ജോലിയില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.