*കൃഷി മന്ത്രിയുടെ ഓഫീസ് സമുച്ചയത്തില്‍ കാര്‍ഷിക 
ചിത്രങ്ങള്‍ അനാവരണം ചെയ്തു
തരിശു നിലമില്ലാത്ത കേരളം എന്ന പ്രഖ്യാപനം വന്നതോടെ കേരളം കൃഷിയിലേക്ക് തിരിച്ചുവന്നുവെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിയമസഭ പ്രഖ്യാപിച്ച ഹരിത പ്രോട്ടോക്കോളിന് കൃഷി വകുപ്പ് നല്ല പിന്തുണയാണ് നല്‍കിയത്. കൃഷിയുടെ തുടര്‍ച്ചയെക്കുറിച്ചും കര്‍ഷകരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനെക്കുറിച്ചും ചിന്തിക്കുന്ന സര്‍ക്കാരാണിതെന്നും സ്പീക്കര്‍ പറഞ്ഞു. കൃഷി മന്ത്രിയുടെ ഓഫീസ് സമുച്ചയത്തില്‍ വിന്യസിച്ച കാര്‍ഷിക എണ്ണച്ചായാ ചിത്രങ്ങള്‍ അനാവരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
    തൃശൂര്‍ സ്വദേശിയായ കെ.ജി ബാബു വരച്ച  കൃഷിസംബന്ധിയായ പത്ത് എണ്ണച്ചായാചിത്രങ്ങളാണ് കൃഷിമന്ത്രിയുടെ ഓഫീസ് സമുച്ചയത്തില്‍ വിന്യസിച്ചിട്ടുള്ളത്. കൃഷിഭൂമിയും മനുഷ്യനുമായുള്ള ആത്മബന്ധത്തിന്റെ സ്പര്‍ശമുള്ള രചനകളാണിവ. ചിത്രകാരന് സുഗതകുമാരി ഉപഹാരം സമ്മാനിച്ചു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ചിത്രകാരനെ പൊന്നാടയണിയിച്ചു. എം.എല്‍.എമാരായ ഡോ.എംകെ.മുനീര്‍, അഡ്വ. കെ. രാജന്‍, ജെയിംസ് മാത്യു, കാര്‍ഷികോത്പാദന കമ്മീഷണര്‍ ടീക്കാറാം മീണ, കൃഷി വകുപ്പ് ഡയറക്ടര്‍ എ.എം. സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.