പത്തനംതിട്ട: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അടിയന്തരമായി കമ്മ്യൂണിറ്റി കിച്ചണ്‍(സാമൂഹ്യ അടുക്കള) ഒരുക്കാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.രാജു പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍ നടത്തിയ സൂം വീഡിയോ കോണ്‍ഫറന്‍സിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ചില പഞ്ചായത്തുകളില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
ലോക്ക് ഡൗണിന്റെ ഭാഗമായി ജില്ലയില്‍ കുടുങ്ങിപോയവര്‍ക്കും ഹോട്ടല്‍ഭക്ഷണം ലഭിക്കാത്തവര്‍ക്കും റോഡുകളിലും കടത്തിണ്ണകളിലും കഴിയുന്നവര്‍ക്കും ജീവിക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്കും ഭക്ഷണം ലഭ്യമാക്കുന്നതിനാണ് കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുന്നത്.  ഇവിടെ ഉണ്ടാക്കുന്ന ഭക്ഷണം വിവിധ സന്നദ്ധ പ്രവര്‍ത്തകരിലൂടെ ആവശ്യക്കാരില്‍ എത്തിക്കും. ഭക്ഷണം ആവശ്യമുള്ളവരുടെ എണ്ണം പഞ്ചായത്ത്തലത്തില്‍ കണക്കാക്കിയാണ് ഭക്ഷണം ഉണ്ടാക്കുക. ആളുകളുടെ എണ്ണമനുസരിച്ച് ഭക്ഷണം ക്രമീകരിക്കണം. ജോലി ചെയ്യാനാകാതെ ബുദ്ധിമുട്ടുന്നവര്‍ക്കും ഭക്ഷണം എത്തിക്കണം.
കമ്മ്യൂണിറ്റി കിച്ചണിനായുള്ള ഫണ്ട് പഞ്ചായത്ത് ഫണ്ടില്‍ നിന്നോ സ്‌പോണ്‍സര്‍ഷിപ്പ് വഴിയോ കണ്ടെത്താമെന്നും മന്ത്രി നിര്‍ദേശിച്ചു.
സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുള്ള എല്ലാവര്‍ക്കും 15 കിലോ അരി സൗജന്യമായി നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ജില്ലയില്‍ റേഷന്‍ കാര്‍ഡില്ലാത്ത ചെങ്ങറ സമരഭൂമിയില്‍ താമസിക്കുന്നവര്‍ക്കും ആറന്മുള വിമാനത്താവളത്തിനായി മാറ്റിവച്ച സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കും 15 കിലോ അരി വീതം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനും ഭക്ഷണത്തിനുമുള്ള സൗകര്യം ആറു താലൂക്കളിലായി ഒരുക്കും. ആരും പട്ടിണി കിട്ടക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. ബ്രേയ്ക് ദ ചെയിനിന്റെ ഭാഗമായി എല്ലാവരും വീടുകളില്‍ തന്നെ തുടരണം. അനാവശ്യമായി ആരും വാഹനങ്ങളുമായി പുറത്തിറങ്ങരുത്. ലോക്ക് ഡൗണിന്റെ ഭാഗമായുള്ള പോലീസ് ഇടപെടലിനെതിരേ എതിര്‍പ്പ് പ്രകടിപ്പിക്കരുത്. കടകളില്‍ സാനിട്ടൈസര്‍ ഉറപ്പുവരുത്തണം. അവശ്യസാധനങ്ങള്‍  വാങ്ങുന്നതിനായി എത്തുന്നവര്‍ കടയില്‍ പ്രവേശിക്കുന്നതിനു മുന്‍പും ഇറങ്ങുമ്പോഴും സാനിട്ടൈസര്‍ ഉപയോഗിക്കണം. സാധനം വാങ്ങാന്‍ പോകുമ്പോള്‍ ആളുകള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കണം. പ്രവര്‍ത്തിക്കുന്ന കടകള്‍ നിശ്ചയിച്ച സമയത്ത് അടക്കുകയും വേണം.
മദ്യഷോപ്പുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ വ്യാജമദ്യം ഉല്പാദന, വിതരണം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ എക്‌സൈസ് വകുപ്പിനോട് പരിശോധന ശക്തമാക്കുവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അവശ്യസാധനങ്ങളുമായി വരുന്ന വാഹനങ്ങളുടെ സഞ്ചാരത്തിന് ബുദ്ധിമുട്ടുണ്ടാകരുത്. കന്നുകാലി-കോഴിത്തീറ്റ വിതരണത്തിനും തടസമുണ്ടാകരുത്. കൊയ്ത്ത് നടക്കുന്ന സമയമായതിനാല്‍ കൊയ്ത്ത് യന്ത്രങ്ങള്‍ കൊണ്ടുവരുന്നതിനും ബുദ്ധിമുണ്ടാകരുത്. മരുന്നുകള്‍ ആവശ്യമുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി കെ.രാജു പറഞ്ഞു.
സൂം വീഡിയോ കോണ്‍ഫറന്‍സില്‍ കളക്ടറേറ്റില്‍ മന്ത്രിക്കൊപ്പം ആന്റോ ആന്റണി എം.പി, ജില്ലാ കളക്ടര്‍ പി.ബി നൂഹ് എന്നിവരും മറ്റു സ്ഥലങ്ങളില്‍ നിന്ന് എംഎല്‍എമാരായ രാജു എബ്രഹാം, വീണാ ജോര്‍ജ്, കെ.യു ജനീഷ്‌കുമാര്‍, പത്തനംതിട്ട നഗരസഭാ അധ്യക്ഷ റോസ്‌ലിന്‍ സന്തോഷ്, അടൂര്‍ നഗരസഭ അധ്യക്ഷ ഷൈനി ബോബി, ആറന്മുള, റാന്നി പഴവങ്ങാടി, വടശേരിക്കര, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഡിഎംഒ ഡോ.എ.എല്‍ ഷീജ തുടങ്ങിയവരും പങ്കെടുത്തു. മൂന്നു ദിവസത്തില്‍ ഒരിക്കല്‍ എം.പി, എംഎല്‍എമാര്‍, തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷര്‍ എന്നിവരെ ഉള്‍പ്പെടുത്തി സൂം വീഡിയോ കോണ്‍ഫറന്‍സ് നടത്തുവാനും മന്ത്രി നിര്‍ദേശിച്ചു.