അന്തര്‍ ജില്ലാ- അന്തര്‍ സംസ്ഥാന ചരക്കു വാഹനങ്ങള്‍ക്ക് പാസ് നല്‍കും

പൊതുഗതാഗത സംവിധാനങ്ങള്‍‌ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍  അടിയന്തിര ഘട്ടങ്ങളില്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നതിന് കോഴിക്കോട് ജില്ലയില്‍ ട്രാന്‍പോര്‍ട്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു. റവന്യു റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ ആണ്‌ നോ‍ഡല്‍ ഓഫീസർ. ആര്‍ ടി ഒ പ്രതിനിധി, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരും അംഗങ്ങളാണ്.

ചരക്കുനീക്കത്തിന് അവശ്യമായ വാഹനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുക, ഒരിടത്തും വാഹനങ്ങളുടെ ദൗര്‍ലഭ്യം കാരണം അവശ്യ വസ്തുക്കകളുടെ ക്ഷാമം ഉണ്ടാകുന്നില്ല എന്ന് ഉറപ്പ് വരുത്തുക എന്നിവയാണ് ട്രാന്‍സ്പോര്‍‌ട്ട് കണ്‍ട്രോള്‍ റൂമിന്റെ ചുമതലകള്‍.

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളിലേക്ക് അവശ്യവസ്തുക്കള്‍ ശേഖരിക്കാനായി പോകുന്ന ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ചെക്ക്പോസ്റ്റുകളില്‍ തടയുന്ന സാഹചര്യം നിലവില്‍ ഉണ്ട്. ഇത്തരം അന്തര്‍ ജില്ലാ- അന്തര്‍ സംസ്ഥാന ചരക്കു വാഹനങ്ങള്‍ക്ക് പാസ് നല്‍കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. പാസ്സ് ലഭിക്കുന്നതിനായി നിശ്ചിത ഫോമിലുള്ള അപേക്ഷയുടെ പകര്‍പ്പ് ബന്ധപ്പെട്ട താലൂക്ക് കണ്‍ട്രോണ്‍ റൂമുകളിലും, kozhikode.nic.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

അപേക്ഷ പൂര്‍ണമായി പൂരിപ്പിച്ച് ഡ്രൈവറുടേയും സഹായിയുടേയും ഫോട്ടോ സഹിതം ബന്ധപ്പെട്ട താലൂക്ക് ഗതാഗത കണ്‍ട്രോള്‍ റൂമില്‍ (വടകര താലൂക്ക് ഓഫീസ്, കൊയിലാണ്ടി താലൂക്ക് ഓഫീസ്, താമരശ്ശേരി താലൂക്ക് ഓഫീസ്) എത്തിക്കണം. കോഴിക്കോട് തലൂക്ക് പരിധിയില്‍ വരുന്ന അപേക്ഷകള്‍ കളക്ടറേറ്റിലെ ജില്ലാ തല ഗതാഗത കണ്‍ട്രോള്‍ റൂമില്‍ (ആര്‍ ആര്‍ സെക്ഷന്‍ കളക്ടറേറ്റ്, കോഴിക്കോട്) സമര്‍പ്പിക്കാവുന്നതാണ്. വ്യവസായ സ്ഥാപനങ്ങളുമായി ചരക്ക് നീക്കവുമായി ബന്ധപ്പെട്ട അപക്ഷകളും കൺട്രോൾ റൂമുകളിൽ നല്‍കാം.

അനുവദിക്കുന്ന പാസ്സുകൾക്ക് ഏപ്രില്‍ 14 വരെ സാധുത ഉണ്ടായിരിക്കുന്നതാണ്. പാസ്സ് ലഭിച്ച ഡ്രൈവറും സഹായിയും പാസ്സ് അനുവദിച്ച തീയ്യതി മുതല്‍ 7 ദിവസം കഴിയുന്ന മുറയ്ക്ക് പാസ്സ് അനുവദിച്ച കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ട് ഡി എം ഓ യില്‍ നിന്നും സാക്ഷ്യപത്രം വാങ്ങി പാസ്സ് പുതുക്കേണ്ടതാണ്.

ജില്ലാ ഗതാഗത കണ്‍ട്രോള്‍ റൂം 0495-2374713, 8547616015, താമരശ്ശേരി താലൂക്ക് കണ്‍ട്രോള്‍ റൂം : 9446309607, 0495-2223088, വടകര താലൂക്ക് കണ്‍ട്രോള്‍ റൂം : 9495101960, 0496-2522361, കൊയിലാണ്ടി താലൂക്ക് കണ്‍ട്രോള്‍ റൂം: 9847300722, 0496- 2620235