പാലക്കാട്: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക്ക്  ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ നാല് ദിവസങ്ങളിലായി 218 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സി. സുന്ദരന്‍ അറിയിച്ചു. ഇന്ന് (മാര്‍ച്ച് 27) രാവിലെ 10 വരെയുള്ള കണക്കാണിത്.

സുരക്ഷാ കര്‍ശനമാക്കിയതോടെ ഇന്നലെ (മാര്‍ച്ച് 26) മാത്രം നടത്തിയ പരിശോധനയില്‍ നിയമം ലംഘിച്ച് പുറത്തിറങ്ങിയ 130 പേര്‍ക്കെതിരെയാണ്  കേസെടുത്തിട്ടുള്ളത്. ഇതില്‍ 98 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 106 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ അനാവശ്യമായി പുറത്തിറങ്ങുക, ദേവാലയങ്ങളിലും മതപരമായ പ്രാര്‍ത്ഥനയിലും കൂട്ടംചേര്‍ന്ന് പങ്കെടുക്കുക, ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് വീടുകളില്‍ ക്വാറ ന്റൈനില്‍ കഴിയുന്നവര്‍ കാലാവധി പൂര്‍ത്തിയാക്കാതെ പുറത്തിറങ്ങുക,  എന്നിവക്കെതിരെയും കര്‍ശനമായ നടപടി സ്വീകരിക്കുന്നതായി പോലീസ് അറിയിച്ചു.