പാലക്കാട് ജില്ലയിലെ പാടങ്ങളിലെ മുഴുവന്‍ നെല്ലും വിഷുവിന് മുന്‍പായി കൊയ്ത്ത് കഴിഞ്ഞ് സംഭരിക്കുമെന്ന് പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ-സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ കൊയ്ത്തും നെല്ല് സംഭരണവും പ്രതിസന്ധിയിലായതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിമാരായ എ.കെ. ബാലന്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

നെല്ല് കൊയ്യുന്നതും സംഭരിക്കുന്നതും അവശ്യ സേവനമായി കണക്കാക്കി മുഴുവന്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്നും മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കൊയ്ത്ത്, മെതി യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഓപ്പറേറ്റര്‍മാര്‍, ചുമട്ടു തൊഴിലാളികള്‍, ലോഡിങ് നടത്തുന്ന ലോറികളുടെ ഡ്രൈവര്‍മാര്‍, മറ്റു ജില്ലകളിലെ മില്ലുകളിലേക്ക് നെല്ല്  കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍, വെയിങ് ബ്രിഡ്ജ് ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ എത്തിപ്പെടുന്നതിനുള്ള സഞ്ചാര അനുമതി നല്‍കാനുള്ള നടപടി എടുക്കും. ഏകദേശം 20 ശതമാനം നെല്ലു മാത്രമാണ് ഇനി പാടങ്ങളില്‍ കൊയ്യാനായി അവശേഷിക്കുന്നത്.

ജില്ലയില്‍ 15 മില്ലുകളാണ് നിലവില്‍ നെല്ലുസംഭരണം നടത്തുന്നത്. മറ്റു ജില്ലകളില്‍ നിന്നുള്ള 28 മില്ലുകളും നെല്ല് സംഭരിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മറ്റു ജില്ലകളില്‍ നിന്നും നെല്ല് സംഭരണത്തിനായി വാഹനങ്ങള്‍ എത്താത്തതാണ് പ്രധാന പ്രശ്‌നം. ഇത് പരിഹരിക്കുന്നതിനായി മറ്റു വാഹനങ്ങള്‍ക്ക് ജില്ലയിലേക്ക് കടക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. കൂടാതെ ജില്ലയിലെ മില്ലുകളുടെ പരമാവധി സംഭരണശേഷി അനുസരിച്ച് നെല്ല് സംഭരിക്കാനുള്ള അനുമതി നല്‍കാനും യോഗത്തില്‍ തീരുമാനമായി. 150000 മെട്രിക് ടണ്‍ നെല്ല് ഇത്തവണ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. 42,000 മെട്രിക് ടണ്‍ നെല്ല് കൊയ്ത്തിനു ശേഷം സപ്ലൈകോ സംഭരിച്ചിട്ടുണ്ട്.

ഓപ്പറേറ്റര്‍മാര്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പോയതോടെ ജില്ലയിലെ വിവിധയിടങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കൊയ്ത്ത്, മെതി യന്ത്രങ്ങള്‍ കണ്ടെത്താനും പരിശീലനം ലഭിച്ച ഓപ്പറേറ്റര്‍മാരെ ഉപയോഗിച്ച് ഇവ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഓപ്പറേറ്റര്‍മാര്‍ക്ക് സഞ്ചരിക്കാനുള്ള അനുമതിപത്രം അതത് കൃഷി ഓഫീസര്‍മാര്‍ ലഭ്യമാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇതിനായി ജില്ലയിലെ മുഴുവന്‍ ഡ്രൈവര്‍മാരുടെയും ഓപ്പറേറ്റര്‍മാരുടെയും കണക്ക് അടിയന്തരമായി ശേഖരിക്കാനും കൃഷി വകുപ്പിന് നിര്‍ദേശം നല്‍കി. നെല്ല് സംഭരിക്കാനും മില്ലുകളിലേക്ക് കയറ്റി അയക്കുന്നതിനായി ചുമട്ടു തൊഴിലാളികളെ പ്രയോജനപ്പെടുത്തുന്നതിന് വിവിധ തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രിമാര്‍ പറഞ്ഞു. മറ്റ് ചുമട്ട്‌തൊഴിലാളികളുടെ അഭാവത്തില്‍ ചുമട്ട് തൊഴിലാളികളില്‍ താല്‍പര്യമുള്ളവര്‍ക്ക് പൊലീസ് സംരക്ഷണത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുമെന്നും മന്ത്രിമാര്‍ നിര്‍ദേശം നല്‍കി.

കെ.വി വിജയദാസ് എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, എ ഡി എം ടി വിജയന്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, മില്ലുടമകള്‍, പാഡി മാര്‍ക്കറ്റിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.