പഞ്ചായത്തുകളിൽ എംഎൽഎമാരുടെ നേതൃത്വത്തിൽ യോഗം ചേരും

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കൊറോണ കെയർ സെന്ററുകളിലും വീടുകളിലും കഴിയുന്നവർക്ക് ഭക്ഷണം നൽകുന്നതിനായി സമൂഹ അടുക്കളകൾ ഒരുക്കുന്നത് സംബന്ധിച്ച് എംഎൽഎമാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് തലത്തിൽ പ്രത്യേക യോഗം ചേരും. പഞ്ചയാത്ത് പ്രസിഡണ്ട്, സെക്രട്ടറി സ്ഥിരം സമിതി ചെയർന്മാർ
, പഞ്ചായത്ത് അംഗങ്ങളായ വിവിധ രാഷ്ട്രീയ പാർട്ടി അംഗങ്ങൾ എന്നിവരുടെ യോഗമാണ് വിളിക്കുക. കളക്ടറുടെ ചേമ്പറിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന എംഎൽഎമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. സമൂഹ അടുക്കള ഒരുക്കേണ്ടത് സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാവും അടുക്കളയുടെ പ്രവർത്തനം. കുടുംബശ്രീയുടെ നേതൃത്വത്തിലാവും അടുക്കള പ്രവർത്തിക്കുക. അടുക്കളയുടെ ശുചിത്വം പാചകതൊഴിലാളികളുടെ ആരോഗ്യ സുരക്ഷ എന്നിവ ഉറപ്പാക്കും. വാർഡുകളിൽ എല്ലാവർക്കുമായി പങ്ക്‌വെക്കാനുളളതല്ല ഭക്ഷണമെന്ന ബോധ്യം ഉണ്ടാവണമെന്നും ക്യാമ്പുകളിലുളളവർക്കും വീടുകളിൽ ഭക്ഷണമുണ്ടാക്കാൻ കഴിയാത്തവർക്കുമാണ് ഭക്ഷണം വിതരണം ചെയ്യണ്ടേതെന്നും എ സി മൊയ്തീൻ പറഞ്ഞു. തൊഴിലുടമയുടെ കീഴിലല്ലാത്ത ഇതരസംസ്ഥാന തൊഴിലാളികൾക്കും ഭക്ഷണം നൽകണം. തൊഴിലുടമയുളള ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഭക്ഷണകാര്യവും തൊഴിലുടമയെകൊണ്ട് ഉറപ്പ് വരുത്താനും നടപ്പാക്കാനും പഞ്ചായത്ത് ഭരണസമിതി ഇടപെടണം. പഞ്ചായത്തുകളിൽ രൂപീകരിച്ച റാപിഡ് റെസ്‌പോൺസ് ടീം അഥവാ ആർആർടി നൽകുന്ന പട്ടിക അനുസരിച്ചാവണം ഭക്ഷണം വിതരണം നടത്തേണ്ടത്. കിച്ചണുകളുടെ നമ്പർ പ്രസിദ്ധീകരിക്കണം. ഭക്ഷണം, അവശ്യസാധനങ്ങൾ, മരുന്നുകൾ എന്നിവയുടെ വിതരണത്തിനായി ആർആർടിക്ക് കീഴിൽ വാർഡ്തലത്തിൽ സന്നദ്ധ പ്രവർത്തകരുടെ പട്ടികയുണ്ടാക്കി ഉറപ്പ് വരുത്തണം. 20 പേരെ വേണമെങ്കിലും ആദ്യഘട്ടമെന്ന നിലയിൽ വാർഡുകളിൽ 10 പേരെ വീതം നിയോഗിച്ചാൽ മതി. സന്നദ്ധ പ്രവർത്തകർക്ക് ഒരു സംഘടനയുടെ ലേബലും വേണ്ടതില്ല. ഇവർക്കാവശ്യമായ പരിശീലനം ഉറപ്പാക്കണം. ആരോഗ്യ വകുപ്പ്, പോലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് നിയന്ത്രണവിധേയമായി പ്രവർത്തിക്കുന്നവരാകണം സന്നദ്ധപ്രവർത്തകർ.
ഓരോ പഞ്ചായത്തിലും മുൻകരുതലെന്ന നിലയിൽ കൂടുതൽ കൊറോണ കെയർ സെന്ററുകൾ തുടങ്ങാൻ കഴിയുന്ന കെട്ടിടങ്ങൾ കണ്ടെത്തണം. ലോഡ്ജുകൾ, പൂട്ടികിടക്കുന്ന ആശുപത്രികൾ, കല്ല്യാണമണ്ഡപങ്ങൾ എന്നിവ ഇതിനായി ഉപയോഗപ്പെടുത്താവുന്നതാണ്. അനാഥാലയങ്ങൾ, വൃദ്ധമന്ദിരങ്ങൾ എന്നിവടങ്ങളിലേക്കുളള ഭക്ഷണവും ആവശ്യവും സന്ദർഭവുമനുസരിച്ച് നൽകണം. മന്ത്രി എ സി മൊയ്തീൻ പറഞ്ഞു.
ഇത് വരെ എന്തായി ? ഇനിയെന്ത് വേണം എന്ന പരിശോധനയാണ് ഗ്രാമപഞ്ചായത്തുകളിൽ എംഎൽഎമാർ നടത്തേണ്ടത്. പഞ്ചായത്ത് അവശ്യസർവീസായി പരിഗണിച്ച സാഹചര്യത്തിൽ ബിഡിഒമാരുടെ സഹായം കൂടി ഉപയോഗപ്പെടുത്തണം. ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും റോഡിൽ ആളിറങ്ങുന്ന സ്ഥിതിയുണ്ട്. ഇക്കാര്യം ഒഴിവാക്കാൻ പഞ്ചായത്ത്തല സമിതികൾ ജാഗ്രത പുലർത്തണം. പുലർച്ച 4 മണിക്ക് തുറക്കുന്ന ചായക്കടകൾ പൂട്ടണം. ചായക്കടക്കാരുടെ ഉപജീവനകാര്യം ആവശ്യമെങ്കിൽ പഞ്ചായത്ത് ശ്രദ്ധിക്കേണ്ടതുണ്ട്.
സമൂഹഅടുക്കളകളിലേക്കുളള പലവ്യഞ്ജനകളും അരിയും സാധനങ്ങളും സഹായത്തിലൂടെ ലഭിക്കുമെങ്കിൽ അതുപയോഗപ്പെടുത്തണമെന്നും മന്ത്രി എ സി മൊയ്തീൻ അഭിപ്രായപ്പെട്ടു. പാത്രങ്ങളും മറ്റ് അടുക്കള ഉപകരണങ്ങളും ലഭ്യമാക്കി സമൂഹഅടുക്കളയുമായി സഹകരിക്കുമെന്ന് കാറ്ററിംഗ് സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഉറപ്പു നൽകിയിട്ടുണ്ട്. ഈ സഹായവും ഉപയോഗപ്പെടുത്തണം. സിവിൽ സപ്ലൈസ് കോർപ്പറേഷൻ അരിയും സപ്ലൈകോ പലവ്യഞ്ജനങ്ങളും വിതരണം ചെയ്യണമെന്നാണ് ആലോചന. ഇത് സംബന്ധിച്ച് ഉത്തരവ് തയ്യാറായി കഴിഞ്ഞു. ജില്ലയിലെ മുഴുവൻ പഞ്ചായത്തിലും നഗരസഭകളിലും കോർപ്പറേഷനുകളിലും അടുക്കളയുടെ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഗവ. ചീഫ് വിപ് അഡ്വ. കെ രാജൻ, ജില്ലയിലെ മറ്റ് എംഎൽഎമാർ, ജില്ലാ കളക്ടർ എസ് ഷാനവാസ്, ചുമതലയുളള ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.