ഇരുവരുമെത്തിയത് ദുബൈയില്‍ നിന്ന്  
ദുബൈയില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കു കൂടി ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ശിവപുരം, മൊകേരി പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 27 ആയി. തുടര്‍ഫലങ്ങള്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാള്‍ നേരത്തേ ആശുപത്രി വിട്ടിരുന്നു.
മാര്‍ച്ച് 21ന് എമിറേറ്റ്‌സ് എയര്‍വെയ്‌സിന്റെ ഇകെ 566 വിമാനത്തില്‍ ദുബൈയില്‍ നിന്ന് ബെംഗളൂരുവിലെത്തിയ ശിവപുരം സ്വദേശി, അവിടെയുള്ള ആകാശ് ഹോസ്പിറ്റലില്‍ വെച്ച് സ്‌ക്രീനിംഗിന് വിധേയനായി പിറ്റേന്ന് പുലര്‍ച്ചെ ബസ് മാര്‍ഗം വീട്ടിലെത്തുകയായിരുന്നു. 24ന് നേരിയ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയനാക്കി.
മൊകേരി സ്വദേശി മാര്‍ച്ച് 22നാണ് ഇത്തിഹാദ് എയര്‍വെയ്‌സിന്റെ ഇവൈ 254 വിമാനത്തില്‍ കരിപ്പൂരിലെത്തിയത്. രാവിലെ എട്ട് മണിക്ക് ഇവിടെയെത്തിയ അദ്ദേഹം ടാക്‌സി കാറില്‍ വീട്ടിലെത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹം പനിയെ തുടര്‍ന്ന് പിറ്റേ ദിവസം ആരോഗ്യവകുപ്പിന്റെ ആംബുലന്‍സില്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തി പരിശോധനയ്ക്ക് വിധേയനാവുകയായിരുന്നു.
നിലവില്‍ ജില്ലയില്‍ ആശുപത്രികളിലും വീടുകളിലുമായി വൈറസ് ബാധ സംശയിക്കുന്ന 10151 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. വീടുകളില്‍ 10064 പേരാണ് ഐസൊലേഷനിലുള്ളത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ 43ഉം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 19ഉം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 25ഉം പേര്‍ നിരീക്ഷണത്തിലുണ്ട്.