നാലു ദിവസത്തേക്കുള്ള ശരാശരി ചില്ലറ വിലനിലവാരം പ്രസിദ്ധീകരിച്ചു

കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ കോഴിക്കോട് ജില്ലയില്‍ അവശ്യ സാധനങ്ങളുടെ അമിതവില വര്‍ധന തടയുന്നതിന് നാലു ദിവസത്തേക്ക് ബാധകമായ ശരാശരി ചില്ലറ വിലനിലവാരം പ്രസിദ്ധീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ മൊത്ത/ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ ബില്ലുകള്‍ പരിശോധിച്ചതിനു ശേഷമാണ് ശരാശരി വിലനിലവാരം തയ്യാറാക്കിയിരിക്കുന്നത്. ഇതിന് അടുത്ത നാലുദിവസത്തേക്ക് പ്രാബല്യമുണ്ടായിരിക്കും.

അവശ്യ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ശരാശരി വിലയില്‍ നിന്നും വളരെ കൂടുതല്‍ വില ഈടാക്കുകയാണെങ്കില്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് ജാഗ്രത അത് എന്ന വെബ് ആപ്ലിക്കേഷന്‍ വഴിയോ താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ വിളിച്ചോ പരാതികള്‍ അറിയിക്കാവുന്നതാണ്.
ഭക്ഷ്യ പൊതുവിതരണ വകുപ്പ് പരിശോധനയ്ക്കായി സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.

താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി എന്നിവിടങ്ങളില്‍ പ്രത്യേക സ്‌ക്വാഡുകളും സിറ്റി റേഷനിങ് ഓഫീസറുടെ പരിധിയില്‍ നോര്‍ത്ത്, സൗത്ത് എന്നിവിടങ്ങളില്‍ ഒരു സ്‌ക്വാഡുമാണ് രൂപീകരിച്ചിട്ടുള്ളത്. ഈ സ്‌ക്വാഡുകള്‍ക്ക് ലീഗല്‍ മെട്രോളജി വകുപ്പിന്റെ സഹായവും ലഭ്യമാണ്.

അമിത വില ഈടാക്കുന്നത് തടയുന്നതിന്റെ ഭാഗമായി  സിവില്‍ സപ്ലൈസ് അധികൃതര്‍  കോഴിക്കോട് ജില്ലയില്‍ വിവിധ കടകളില്‍ ഈ ദിവസങ്ങളില്‍ പരിശോധന നടത്തുകയുണ്ടായി. അഞ്ച് സ്‌ക്വാഡുകളായി 152 കടകള്‍ പരിശോധിച്ചു.

പല കടകളിലും അമിതവില ഈടാക്കുന്നതായും പച്ചക്കറി ഒരേ ഇനത്തിനുതന്നെ പല കടകളിലും പല വില ഈടാക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്.
പച്ചക്കറി ചില്ലറ വ്യാപാരികള്‍ പരിശോധന ഉദ്യോഗസ്ഥന്‍ മുമ്പാകെ പര്‍ച്ചേസ് ബില്‍ ഹാജരാക്കേണ്ടതും എല്ലാ കടകളിലും വിലനിലവാരം പ്രദര്‍ശിപ്പിക്കേണ്ടതുമാണ്.

അമിത വില ഈടാക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ കട അടപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. അമിതവില ഈടാക്കുന്നതും പൂഴ്ത്തിവെപ്പും ശ്രദ്ധയില്‍ പെട്ടാല്‍ സിവില്‍ സപ്ലൈസ് അധികൃതരെ അറിയിക്കാം.

പരാതി അറിയിക്കേണ്ട നമ്പര്‍: താലൂക്ക് സപ്ലൈ ഓഫീസര്‍ കോഴിക്കോട്  9188527400, സിറ്റി റേഷനിങ് ഓഫീസര്‍
സൗത്ത്  9188527401, സിറ്റി റേഷനിങ് ഓഫീസര്‍ നോര്‍ത്ത് 9188527402, താലൂക്ക് സപ്ലൈ ഓഫീസര്‍ കൊയിലാണ്ടി 9188527403, താലൂക്ക് സപ്ലൈ ഓഫീസര്‍ വടകര9188527404, താലൂക്ക് സപ്ലൈ ഓഫീസര്‍ താമരശ്ശേരി 9188527399.

അവശ്യസാധനങ്ങളുടെ കണ്‍ട്രോള്‍ റൂമും, ട്രാന്‍സ്‌പോര്‍ട്ട് കണ്‍ട്രോള്‍ റൂമും ജില്ലയിലേക്കുള്ള അവശ്യവസ്തുക്കളുടെ വരവിന് യാതൊരു തടസ്സവുമില്ല എന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.