തിരുവനന്തപുരം: അതിഥി തൊഴിലാളികളെ സംരക്ഷിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് തുക ചെലവഴിക്കാന്‍ തയ്യാറാകണം. ഭക്ഷണം, ശുചീകരണ വസ്തുക്കള്‍, മറ്റ് അവശ്യവസ്തുക്കള്‍, വൃത്തിയുള്ള താമസ സ്ഥലം എന്നിവ ഉറപ്പാക്കണം. ഇക്കാര്യത്തില്‍ തെറ്റായ മനോഭാവം പുലര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു.
കളക്ടറേറ്റില്‍ അതിഥി തൊഴിലാളികളുടെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാറുകാരുടെ കീഴിലുള്ള തൊഴിലാളികളുടെ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ കരാറുകാര്‍ ശ്രദ്ധിക്കണം. ഒറ്റപ്പെട്ട അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ അതാതിടത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധ പതിപ്പിച്ചേ തീരൂ. ജില്ലയിലെ വിവിധ തൊഴിലാളി ക്യാമ്പുകള്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, ജില്ലാ പോലീസ് മേധാവി ബി.അശോക്, എ.ഡി.എം. വി.ആര്‍.വിനോദ് , അസിസ്റ്റന്റ് കളക്ടര്‍ അനുകുമാരി, ജില്ലാ ലേബര്‍ ഓഫീസര്‍ വിജയകുമാര്‍, മറ്റ് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.