ഒന്നാം ഘട്ടത്തില്‍ 7 കോടിയുടെ അത്യാധുനിക സംവിധാനങ്ങള്‍

200ലധികം ഐസൊലേഷന്‍ കിടക്കകളും 20 ഐ.സി.യു.കളും

തിരുവനന്തപുരം: 10 ദിവസം കൊണ്ട് കാസര്‍ഗോഡ് അതിനൂതന കോവിഡ് കെയര്‍സെന്റര്‍ സംവിധാനങ്ങളൊരുക്കാന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 10 ദിവസം കൊണ്ട് ഐസൊലേഷന്‍ വാര്‍ഡുകളും 20 തീവ്ര പരിചരണ വിഭാഗങ്ങളും സജ്ജമാക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിലെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനെയാണ് കോവിഡ് രോഗികളെ ചികിത്സിക്കാനുള്ള പ്രത്യേക ആശുപത്രിയാക്കി ദ്രുതഗതിയില്‍ മാറ്റുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ 90ലധികം കോവിഡ് ബാധിതരുള്ള സാഹചര്യത്തില്‍ എത്രയും വേഗം വിദഗ്ധ ഐസൊലേഷന്‍ ചികിത്സ ഒരുക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കാസര്‍ഗോഡ് കോവിഡ് ചികിത്സാ കേന്ദ്രം സജ്ജമാക്കുന്നത്. ഇതനുസരിച്ച് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് സമര്‍പ്പിച്ച പ്രൊപ്പോസലിന് സര്‍ക്കാര്‍ അടിയന്തരമായി അനുമതി നല്‍കി. അടിയന്തര ചികിത്സയ്ക്കുള്ള ആശുപത്രി ഉപകരണങ്ങള്‍ക്കായി 4.21 കോടി രൂപയും കിടക്കകള്‍ ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകള്‍ക്കായി 78.1 ലക്ഷം രൂപയും മരുന്നുകള്‍ക്കും മറ്റുമായി 2 കോടി രൂപയും ഉള്‍പ്പെടെ ഒന്നാം ഘട്ടത്തില്‍ 7 കോടിയുടെ അനുമതിയാണ് നല്‍കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ഗ്രൗണ്ട് ഫ്‌ളോര്‍, ഫസ്റ്റ് ഫ്‌ളോര്‍, സെക്കന്റ് ഫ്‌ളോര്‍ എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ ചികിത്സയ്ക്കായി സജ്ജമാക്കുന്നത്. ഐ.സി.യു. യൂണിറ്റുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍, ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമുള്ള ഡ്യൂട്ടി റൂം, സ്റ്റോര്‍, ഫാര്‍മസി എന്നിവയാണ് ഗ്രൗണ്ട് ഫ്‌ളോറില്‍ സജ്ജമാക്കുന്നത്. കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരേയാണ് ഇവിടെ ചികിത്സിക്കുക. നിരീക്ഷണത്തിലുള്ള രോഗികളെ ഒന്നാം നിലയിലാണ് ചികിത്സിക്കുന്നത്. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ജോലി സമയത്തിന് ശേഷം വിശ്രമത്തിനായുള്ള സ്ഥലമായി രണ്ടാം നില ഉപയോഗിക്കും. ശേഷിക്കുന്ന മറ്റ് സ്ഥലങ്ങള്‍ സിവില്‍, ഇലക്ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കി ഘട്ടംഘട്ടമായി ഉപയോഗപ്പെടുത്തുന്നതാണ്.

ഗ്രൗണ്ട് ഫ്‌ളോറില്‍ ലഭ്യമായ സ്ഥലത്ത് 14 കിടക്കകളുള്ള ഐ.സി.യു., 129 കിടക്കകളുള്ള 9 ഐസൊലേഷന്‍ വാര്‍ഡ്, രണ്ട് കിടക്കകള്‍ വീതമുള്ള 5 ഐസൊലേഷന്‍ മുറികള്‍ എന്നിവയാണുള്ളത്. ഫാര്‍മസി, ഇ.സി.ജി. റൂം, സ്റ്റോര്‍ മുതലായവ സജ്ജമാക്കുന്നതാണ്. ഒന്നാം നിലയില്‍ 75 കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡുകളും സജ്ജമാക്കും. 5 ദിവസത്തിനകം ഇലട്രിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കി വൈദ്യുതി ലഭ്യമാക്കാന്‍ കിറ്റ്‌കോയെ ചുമതലപ്പെടുത്തി. ആശുപത്രിയില്‍ ശുദ്ധജലം ലഭ്യമാക്കാനായി കുഴല്‍ക്കിണറിന്റെ വെള്ളം ഉപയോഗപ്പെടുത്തുന്നതാണ്. ഇതോടൊപ്പം ആംബുലന്‍സ്, യാത്രാ സൗകര്യം, ടെലഫോണ്‍, ക്യാന്റീന്‍ എന്നീ അനുബന്ധ സൗകര്യങ്ങളുമൊരുക്കും.

കോവിഡ് കെയര്‍ സെന്ററിനാവശ്യമായ ആശുപത്രി ഉപകരണങ്ങളും കെ.എം.എസ്.സി.എല്‍. വഴി ഉടന്‍ ലഭ്യമാക്കി ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ്. 20 ഐ.സി.യു., 5 വെന്റിലേറ്റര്‍, 3 വെന്റിലേറ്റര്‍ നോണ്‍ ഇന്‍സേവ്, 20 മള്‍ട്ടി പാരമീറ്റര്‍ മോണിറ്റര്‍, 20 ഇന്‍ഫ്യൂഷന്‍ പമ്പ്, 40 സിറിഞ്ച് പമ്പ്, 2 ഡിഫ്രിബ്രിലേറ്റര്‍ വിത്ത് കാര്‍ഡിയാക് മോണിറ്റര്‍, 15 ക്രാഷ് കാര്‍ട്ട്, 10 ക്രാഷ് കാര്‍ട്ട് ട്രോമ, 10 ഓക്‌സിജന്‍ സിലിണ്ടര്‍ ബള്‍ക്ക്, 10 ആംബു ബാഗ്, 4 ഇ.സി.ജി. മെഷീന്‍, 1 പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് ഡോപ്ലര്‍, 1 അള്‍ട്രാസൗണ്ട് ഡോപ്ലര്‍ മെഷിന്‍, 1 പോര്‍ട്ടബിള്‍ എക്‌സ്‌റേ, സര്‍ജിക്കല്‍ ഇന്‍സ്ട്രമെന്റ്‌സ്, മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സിസ്റ്റം തുടങ്ങിയ 41 തരം ആശുപത്രി ഉപകരണങ്ങളാണ് സജ്ജമാക്കുന്നത്.

200 ആശുപത്രി കട്ടിലുകള്‍, 200 മെത്തയും തലയിണയും, 1000 ബെഡ്ഷീറ്റും തലയിണകവറും, 200 ഐ.വി. സ്റ്റാന്റ്, ആവശ്യമായ വീല്‍ച്ചെയര്‍, സ്ട്രക്ച്ചര്‍ ട്രോളി തുടങ്ങിയ 14 വിവിധതരം ആശുപത്രി ഫര്‍ണിച്ചറുകളാണ് ഒരുക്കുന്നത്.

ഏറ്റവുമധികം പ്രവാസികള്‍ കോവിഡ് രോഗബാധിതരായി എത്തിയ ജില്ലയാണ് കാസര്‍ഗോഡ്. അതിനാല്‍ തുടക്കംമുതലേ വലിയ പ്രവര്‍ത്തനങ്ങളാണ് അവിടെ നടത്തി വരുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് അടിയന്തരമായി കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഇത്രയേറെ സൗകര്യങ്ങളൊരുക്കുന്നത്. മാര്‍ച്ച് 14ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒ.പി. തുടങ്ങുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ച് വരവേയാണ് കോവിഡ് ബാധയെത്തിയത്. തുടര്‍ന്നാണ് അത് മാറ്റിവച്ച് കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയത്. ഭാവിയല്‍ കോവിഡ് ചികിത്സാ കേന്ദ്രത്തിനായി സജ്ജമാക്കുന്നവ മെഡിക്കല്‍ കോളേജിന് ഉപയോഗപ്പെടുത്താവുന്നതാണ്. മെഡിക്കല്‍ കോളേജ് പൂര്‍ണതോതില്‍ സജ്ജമാകുന്നതോടെ മാംഗലൂരില്‍ ചികിത്സയ്ക്ക് പോകുന്നത് ഒഴിവാക്കാനാകുമെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.