ജില്ലയിൽ ആദ്യമായി ജിപിഎസ് സംവിധാനത്തിലൂടെ റീസർവേ പൂർത്തീകരിച്ച വൈക്കം താലൂക്കിലെ മുളക്കുളം വില്ലേജിന്റെ റീ സർവ്വെ റിക്കാർഡുകൾ പ്രാബല്യത്തിലായി. ഇൻഡ്യൻ ജിപിഎസ് സംവിധാനമായ WGS 84 സിസ്റ്റത്തിൽ പൂർത്തികരിച്ച റീസർവേയുടെ റെക്കോർഡുകൾ ജില്ലാ കളക്ടർ ഡോ. ബി.എസ്. തിരുമേനി വൈക്കം തഹസിൽദാർ, തലയോലപ്പറമ്പ് സബ് രജിസ്ട്രാർ എന്നിവർക്ക് കൈമാറി. മുളക്കുളം വില്ലേജിൽ ഉൾപ്പെടുന്ന ഭൂഉടമസ്ഥർക്ക് റീസർവ്വെ നമ്പരിൽ പ്രമാണങ്ങൾ രജിസ്ട്രർ ചെയ്യാവുന്നതും കരം ഒടുക്കാവുന്നതുമാണ്.
വൈക്കം താലുക്കിലെ 18 വില്ലേജുകളിൽ നാല് വില്ലേജുകളിൽ റീസർവേ പൂർത്തീകരിച്ച് റവന്യൂ ഭരണത്തിന് കൈമാറിക്കഴിഞ്ഞു. ശേഷിക്കുന്നവയിൽ മുട്ടുചിറ, കടുത്തുരുത്തി എന്നിവയുടെ റീസർവ്വെ ജോലികൾ പുരോഗമിക്കുന്നു.