ജില്ലയിൽ രണ്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് മടങ്ങിയെത്തി രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യ (40) മകൻ (15) എന്നിവർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വീടുകളിൽ 18825 പേരും ആശുപത്രികളിൽ 38 പേരും ഉൾപ്പെടെ ആകെ 18863 പേരാണ് നിരീക്ഷണത്തിലുളളത്. ബുധനാഴ്ച (ഏപ്രിൽ 1) 249 പേരെയാണ് പുതുതായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുളളത്. 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 18 പേരെ ഡിസ്ചാർജ്ജ് ചെയ്തു. രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്.

ബുധനാഴ്ച (ഏപ്രിൽ 1) 34 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതു വരെ 726 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 680 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 46 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 380 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. ബുധനാഴ്ച (ഏപ്രിൽ 1) 118 പേർക്ക് കൗൺസലിംഗ് നൽകി.

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ജാഗ്രത കർശനമായി തുടരുന്നു. ദ്രുതകർമ്മസേനയുടെനേതൃത്വത്തിലുളള ഗൃഹസന്ദർശനത്തിലൂടെ നിരീക്ഷണത്തിലുളളവർക്ക് നിർദ്ദേശങ്ങളും ബോധവൽക്കരണവും നൽകി. ബുധനാഴ്ച (ഏപ്രിൽ 1) 5288 വീടുകൾ ദ്രുതകർമ്മസേന സന്ദർശിച്ചു.

നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ പെൻഷൻ വാങ്ങുന്നവരുണ്ടെങ്കിൽ ട്രഷറിയിൽ പോകുന്നത് നിർബന്ധമായും ഒഴിവാക്കണം. നിരീക്ഷണത്തിൽ അല്ലാത്തവരാണെങ്കിലും ട്രഷറിയിൽ പെൻഷൻ വാങ്ങാൻ പോകുന്നത് ഒഴിവാക്കി ബദൽ സംവിധാനം വിനിയോഗിക്കണം.

സിവിൽ ഡിഫൻസ് വളണ്ടിയർമാർ, അഗ്നിശമന വിഭാഗം, ആരോഗ്യ വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കുന്ന പ്രവൃത്തി തുടർന്നു.
ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 4226 പേരെയും മത്സ്യചന്തയിൽ 1463 പേരെയും സ്‌ക്രീൻ ചെയ്തു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ അഗതികളെ പാർപ്പിച്ച് സംരക്ഷിക്കുന്നിടത്ത് വൈദ്യസഹായവും സ്‌ക്രീനിങ്ങും നടത്തുന്നുണ്ട്. അതിഥി തൊഴിലാളികളെ താമസിപ്പിച്ചിട്ടുളള സ്ഥലങ്ങളിലും സ്‌ക്രീനിങ്ങും ബോധൽക്കരണവും നടത്തുന്നുണ്ട്.