തൃശ്ശൂർ ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 36 കാരനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 19099 ആയി. വീടുകളിൽ 19062 പേരും ആശുപത്രികളിൽ 37 പേരും ആണ് നിരീക്ഷണത്തിലുളളത്.

നിരീക്ഷണ കാലഘട്ടം പൂർത്തിയാക്കിയതിനെ തുടർന്ന് 130 പേരെ പട്ടികയിൽ നിന്നും നീക്കം ചെയ്തു. 130 വ്യാഴാഴ്ച (ഏപ്രിൽ 2) 228 പേരെയാണ് പുതുതായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുളളത്. 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9 പേരെ ഡിസ്ചാർജ്ജ് ചെയ്തു. രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്.

വ്യാഴാഴ്ച (ഏപ്രിൽ 2) 30 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതു വരെ 756 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 726 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 30 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 336 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. വ്യാഴാഴ്ച (ഏപ്രിൽ 2) 117 പേർക്ക് കൗൺസലിംഗ് നൽകി.

പെൻഷൻ വിതരണം തുടങ്ങിയതിന്റെ ഭാഗമായി ട്രഷറികളിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായവർക്ക് ആരോഗ്യ വകുപ്പ് സൗകര്യങ്ങൾ ചെയ്തുകൊടുത്തു.
ദ്രുതകർമ്മസേനയുടെനേതൃത്വത്തിലുളള ഗൃഹസന്ദർശനത്തിലൂടെ നിരീക്ഷണത്തിലുളളവർക്ക് നിർദ്ദേശങ്ങളും ബോധവൽക്കരണവും നൽകി. വ്യാഴാഴ്ച (ഏപ്രിൽ 2) 4514 വീടുകൾ ദ്രുതകർമ്മസേന സന്ദർശിച്ചു.
സിവിൽ ഡിഫൻസ് വളണ്ടിയർമാർ, അഗ്നിശമന വിഭാഗം, ആരോഗ്യ വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഒല്ലൂർ ഇൻഡസ്ട്രിയൽ ഏരിയ, ട്രഷറി ഓഫീസ് തുടങ്ങിയ കേന്ദ്രങ്ങൾ അണുവിമുക്തമാക്കി.

ജില്ലാ ഭരണകൂടം ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ശക്തൻ മാർക്കറ്റിലെ തിരക്ക് കുറഞ്ഞു. ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിലെ 913 പേരെ സ്‌ക്രീൻ ചെയ്തു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ അഗതികളെ പാർപ്പിച്ച് സംരക്ഷിക്കുന്നിടത്ത് വൈദ്യസഹായവും സ്‌ക്രീനിങ്ങും നടത്തുന്നുണ്ട്. ബോധവൽക്കരണത്തിന്റെ ഭാഗമായി വിവിധ ഭാഷകളിലുളള അനൗൺസ്‌മെന്റും സംഘടിപ്പിക്കുന്നു.