കൊറോണ വൈറസ് വ്യാപനം ഫലപ്രദമായി തടയുന്നതിന് കോട്ടയം ജില്ലയില്‍ നിലവിലുള്ള ജാഗ്രതാ സംവിധാനങ്ങള്‍ കര്‍ശനമായി തുടരണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. രോഗപ്രതിരോധം, റേഷന്‍ വിതരണം, അതിഥി തൊഴിലാളികള്‍ക്കു വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ എന്നിവ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലുള്ള നിയന്ത്രണങ്ങള്‍ രോഗവ്യാപനം തടയുന്നതിന് ഏറെ സഹായമായിട്ടുണ്ട്. സര്‍ക്കാരിന്‍റെ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട വകുപ്പുകളും താഴേ തലം മുതല്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരും ജാഗ്രത പുലര്‍ത്തണം.

നിസ്സാര കാരണങ്ങള്‍ പറഞ്ഞ് നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കും രോഗപ്രതിരോധത്തിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കുമെതിരെ നടപടി സ്വീകരിക്കണം. ആരോഗ്യ വകുപ്പ് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിച്ചിട്ടുള്ളവര്‍ 28 ദിവസം ഇങ്ങനെ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ജില്ലയെ കൊറോണ വിമുക്തമാക്കുന്നതില്‍ സമൂഹത്തിലെ ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ട്.

പായിപ്പാട്ടെ അതിഥി തൊഴിലാളികള്‍ക്കായുള്ള ഭക്ഷ്യവസ്തു വിതരണത്തിന്‍റെ വിശദാംശങ്ങള്‍ അവലോകനം ചെയ്ത മന്ത്രി മേഖലയില്‍ മുടക്കമില്ലാതെ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നേരത്തെ കോട്ടയം ചുങ്കത്തെ 101-ാം നമ്പര്‍ റേഷന്‍ കടയില്‍ സന്ദര്‍ശനം നടത്തിയ മന്ത്രി ജില്ലയിലെ റേഷന്‍ വിതരണ ക്രമീകരണങ്ങളും വിലയിരുത്തി.

അപൂര്‍വ്വം ചില മേഖലകളില്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നതിലുണ്ടായ കാലതാമസം ഒഴിവാക്കിയാല്‍ റേഷന്‍ വിതരണം സംസ്ഥാനത്ത് സുഗമമായി നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, അസിസ്റ്റന്‍റ് കളക്ടർ ശിഖ സുരേന്ദ്രന്‍, എ.ഡി.എം അനില്‍ ഉമ്മന്‍, വിവിധ വകുപ്പുകളുടെ മേധാവികള്‍, കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കര്‍മ്മസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.