ഇടുക്കി:  കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കട്ടപ്പന ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ അണുനാശിനി തളിച്ച് ശുചീകരിച്ചു. കട്ടപ്പന നഗരസഭയുടെയും ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിന്റെയും  വിവിധ പൊതുസ്ഥലങ്ങളാണ് ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ നേതൃത്വത്തില്‍  അണുവിമുക്തമാക്കിയത്.

കട്ടപ്പന നഗരസഭയുടെ ഒന്നാം വാര്‍ഡായ വാഴവര അര്‍ബന്‍ പി എച്ച് സി യുടെ പരിസരം, പാല്‍ സംഭരണകേന്ദ്രങ്ങള്‍, പൊതുവിതരണ കേന്ദ്രം തുടങ്ങി ജനങ്ങള്‍ ഏറ്റവും അധികം എത്തുന്ന സ്ഥലങ്ങള്‍ തിരഞ്ഞെടുത്താണ് ശുചീകരിച്ചത്.

വാര്‍ഡ് കൗണ്‍സിലര്‍ ബെന്നി കുര്യന്റെ മേല്‍നോട്ടത്തിലാണ് പ്രദേശം ശുചീകരിച്ചത്.  ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ  ചെമ്പകപ്പാറ പള്ളിക്കാനം പ്രാഥമികാരോഗ്യകേന്ദ്രം പരിസരം,  ഇരട്ടയാര്‍ നോര്‍ത്ത് പൊതുവിതരണ കേന്ദ്രം പരിസരം,വിവിധ ബാങ്കുകള്‍, ഇരട്ടയാര്‍ ടൗണ്‍, പാല്‍ സംഭരണകേന്ദ്രങ്ങള്‍, വില്ലേജ് ഓഫീസ്, ആയുര്‍വേദ ആശുപത്രി, സാംസ്‌കാരിക നിലയം,കൃഷിഭവന്‍ തുടങ്ങിയ ഇടങ്ങളിലും കട്ടപ്പന ഫയര്‍ഫോഴ്‌സ് എത്തി അണുനാശിനി ഉപയോഗിച്ച്  ശുചീകരിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി . ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത്, ആരോഗ്യരോഗ്യ വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ഇതേ രീതിയില്‍ കഴിഞ്ഞ ദിവസം ഇരട്ടയാര്‍ടൗണ്‍, ബസ് സ്റ്റാന്റ്, മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങള്‍ അണുനാശിനി തളിച്ച് ശുചീകരിച്ചിരുന്നു.