ഇടുക്കി: ഭക്ഷ്യ പൊതുവിതരണ വകുപ്പും ലീഗല്‍ മെട്രോളജി  വകുപ്പും സംയുക്തമായി തൊടുപുഴ  താലൂക്കിലെ വിവിധയിടങ്ങളില്‍ പരിശോധന നടത്തി. കോവിഡ് 19-  വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ മറവില്‍ വില കൂട്ടി വില്‍പ്പന, സ്റ്റോക്ക് ബോര്‍ഡ് പ്രദര്‍ശിപ്പിയ്ക്കല്‍, അളവ് തൂക്ക കൃത്യത എന്നിവ വ്യാപാര സ്ഥാപനങ്ങളില്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു പരിശോധന.

ഇടവെട്ടി പഞ്ചായത്തിലെ തെക്കുംഭാഗം, കാരിക്കോട് എന്നിവിടങ്ങളിലെയും  പുറപ്പുഴ, കരിങ്കുന്നം എന്നീ പഞ്ചായത്തുകളിലെ വിവിധയിടങ്ങളിലെയും പച്ചക്കറി,  പലചരക്ക് , റേഷന്‍ ഡിപ്പോകളിലുമായിരുന്നു പരിശോധന.

ഉള്ളി, സവാള തുടങ്ങിയ വിവിധയിനം പച്ചക്കറിയ്ക്ക്  അമിത വില  ഈടാക്കിയതിനും, വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതിനും പര്‍ച്ചേസ് ബില്ലുകള്‍ ഉള്‍പ്പെടെയുള്ള കണക്കുകള്‍ സൂക്ഷിക്കാത്തതിനും ഉപഭോക്താക്കള്‍ക്ക് ബില്ല് നല്‍കാതിരുന്നതിനും ആറ് പച്ചക്കറി സ്ഥാപനത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിച്ചു.

പരിശോധന തുടരും

എല്ലാ  മൊത്ത /ചില്ലറ  വ്യാപാരികളും അവശ്യ സാധനങ്ങളുടെ  സ്റ്റോക്ക് രജിസ്റ്റര്‍,  വാങ്ങിയ  ബില്ലുകള്‍,   വില്‍പ്പന  ബില്ലിന്റെ  പകര്‍പ്പുകള്‍,  ആവശ്യമായ   ലൈസന്‍സുകള്‍, ത്രാസ്  മുദ്രവച്ച രേഖകള്‍ എന്നിവ  കൃത്യമായി  സൂക്ഷിക്കേണ്ടേതും, അവ  പരിശോധന  ഉദ്ദ്യോഗസ്ഥന്‍  മുമ്പാകെ   ഹാജരാക്കേണ്ടതുമാണെന്ന് അധികൃതര്‍ സ്ഥാപനം നടത്തിപ്പുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കൂടാതെ  വിലവിവര  ബോര്‍ഡുകളില്‍ കൃത്യമായ തീയതി, വില  എന്നിവ പൊതുജനങ്ങള്‍  കാണത്തക്ക വിധം പ്രദര്‍ശിപ്പിക്കേണ്ടതാണ്. തുടര്‍ന്നുള്ള   ദിവസങ്ങളില്‍ അതിശക്തമായ  പരിശോധനയും   നടപടികളും  ഉണ്ടാകുമെന്നും അധികൃതര്‍   അറിയിച്ചു.

പരിശോധനയില്‍  തൊടുപുഴ  താലൂക്ക്  സപ്ലൈ  ആഫീസര്‍ മാര്‍ട്ടിന്‍  മാനുവല്‍, അസി. താലൂക്ക്  സപ്ലൈ  ആഫീസര്‍ ഷിജു.കെ.തങ്കച്ചന്‍, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ ഇ.ജി. സദാനന്ദന്‍, അസി ഇന്‍സ്പെക്ടര്‍ പ്രകാശ്. ബി. നായര്‍, റേഷനിംഗ്  ഇന്‍സ്പെക്ടര്‍മാരായ ജയന്‍ .പി.എസ്., സരിത .പി.വി., നീന.എം.എസ്. എന്നിവര്‍  പങ്കെടുത്തു.