ഇടുക്കി: അതിഥി തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണം സംഘടിപ്പിച്ച് അടിമാലി പോലീസ്. നിലിവിലെ സാഹചര്യത്തില്‍ അതിഥി തൊഴിലാളികളുടെ തെറ്റിധാരണകള്‍ അവസാനിപ്പിക്കുന്നതിനും കോവിഡ് മുന്‍ക്കരുതലുകളെക്കുറിച്ച് വിവരിക്കുന്നതിനുമായിരുന്നു ബോധവല്‍ക്കരണം. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തി ശുചിത്വത്തിന്റെ അനിവാര്യതയും പോലീസ് ഉദ്യോഗസ്ഥര്‍ തൊഴിലാളികള്‍ക്ക് വിവരിച്ചു നല്‍കി.

സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉണ്ടാകാന്‍ സാധ്യതയുള്ള തെറ്റിധാരണകള്‍ അവസാനിപ്പിക്കുന്നതിനും ബോധവല്‍ക്കരത്തിലൂടെ സാധിച്ചു. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണ സാധനങ്ങളുടെ ലഭ്യത, മറ്റ് അടിയന്തര ആവശ്യങ്ങള്‍ എന്നിവ കൃത്യമായി ഉറപ്പു വരുത്തുമെന്നും പോലീസ് വ്യക്തമാക്കി.അടിമാലി സര്‍ക്കാര്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്.

തൊഴിലാളികളെ നിശ്ചിത അകലത്തില്‍ ഇരുത്തിയാണ് പോലീസ് ബോധവല്‍ക്കരണം നല്‍കിയത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍ ജോര്‍ജ്,എസ്ഐ എസ് ശിവലാല്‍, ട്രാഫിക് എസ്ഐ മണിയന്‍,സജീവന്‍, സതീശന്‍, ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ അധികൃതര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ബോധവത്ക്കരണം.