ലോക്ക് ഡൗൺ ദിനങ്ങൾ കൃഷിക്കായി വിനിയോഗിക്കുക എന്ന സന്ദേശവുമായി    കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്. എല്ലാ വീടുകളിലും പച്ചക്കറി കൃഷി ചെയ്യുന്നതിന്  വിത്ത് ലഭ്യമാക്കുന്ന ജീവനി പദ്ധതിക്ക്  ഏപ്രിൽ നാലിന്‌ ജില്ലയിൽ തുടക്കമായി.

ആറിനം പച്ചക്കറി വിത്തുകളടങ്ങിയ ഒരു പാക്കറ്റ് വീതമാണ് ഒരു വീട്ടിലേക്ക്  നൽകുക.
ചീര ,വെണ്ട, മുളക്, തക്കാളി, പയറ്, വഴുതന എന്നിവയുടെ വിത്തുകളാണ് പാക്കറ്റിലുള്ളത്.

സർക്കാർ ഫാമിൽ നിന്നും വി.എഫ് പി.സി.കെ യിൽ നിന്നുമാണ്  ഇവ ശേഖരിച്ചത്.
ഇരുപത് രൂപ വില വരുന്ന വിത്തുകൾ സൗജന്യമായാണ് വിതരണം ചെയ്യുന്നത്.  ലോക്ക് ഡൗൺ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കര്‍ശനമായി പാലിച്ചാണ് പ്രവര്‍ത്തനങ്ങള്‍.

കൃഷി ഭവനുകൾ വഴിയാണ് പ്രധാന വിതരണം. തിരക്ക് ഒഴിവാക്കുന്നതിന് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വിതരണ സംവിധാനം  ക്രമീകരിക്കണമെന്ന് കൃഷി ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

വിത്ത് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം   ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു കളക്ട്രേറ്റിൽ നിർവ്വഹിച്ചു. അസിസ്റ്റന്റ് കളക്ടർ ശിഖാ സുരേന്ദ്രൻ, പ്രിൻസിപ്പൽ കൃഷി ഓഫിസർ സലോമി തോമസ്,  അസിസ്റ്റന്റ് പി.എ.ഒ ജോ ജോസ്, ഡെപ്യൂട്ടി ഡയറക്ടർ   (പച്ചക്കറി കൃഷി ) ബീന ജോർജ്ജ് എന്നിവർ സന്നിഹിതരായിരുന്നു.

കൃഷി സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾക്കായി പ്രിൻസിപ്പൽ കൃഷി ഓഫീസുമായി ( 04812562263) ബന്ധപ്പെടാം.