അവശ്യ വസ്തുക്കളുടെ വിതരണവുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്കുള്ള പാസുകള്‍ ഇനി ഓണ്‍ ലൈനില്‍ ലഭിക്കും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റര്‍ തയ്യാറാക്കിയ http://covid19jagratha.kerala.nic.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സര്‍ക്കാര്‍ സേവനം, ഭക്ഷ്യ വസ്തുക്കള്‍, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, അടിയന്തര ആവശ്യമുള്ള യന്ത്രങ്ങള്‍, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വസ്തുക്കള്‍, കുടിവെള്ള വിതരണം തുടങ്ങിയ തിരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഈ വെബ്സൈറ്റില്‍ എസന്‍ഷ്യല്‍ ഗുഡ്സ് ആന്‍റ് സര്‍വീസസ് എന്ന മെനുവില്‍ വെഹിക്കിള്‍ പെര്‍മിറ്റ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് വാഹനം, വാഹന ഉടമ, ഡ്രൈവര്‍ എന്നിവരുടെ അടിസ്ഥാന വിവരങ്ങളും വാഹനത്തില്‍ എത്തിക്കുന്ന സാധനങ്ങളുടെ വിശദാംശങ്ങളും നല്‍കണം. ഡ്രൈവര്‍ കോവിഡ്-19 മായി ബന്ധപ്പെട്ട സമ്പര്‍ക്ക നിയന്ത്രണമുള്ളയാളാണോ എന്ന വിവരവും വ്യക്തമാക്കേണ്ടതുണ്ട്.

ആദ്യം വാഹനത്തിന്‍റെയും ഡ്രൈവറുടെയും വിവരങ്ങള്‍ ആര്‍.ടി.ഒ പരിശോധിച്ച് തൃപ്തികരമെങ്കില്‍ അംഗീകാരം നല്‍കും. സമ്പര്‍ക്ക വിലക്കുമായി ബന്ധപ്പെട്ട വിവരങ്ങളുടെ നിജസ്ഥിതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പരിശോധിക്കും. ഡി.എം.ഒയുടെയും അംഗീകാരം ലഭിച്ചാല്‍ അതത് തഹസില്‍ദാര്‍ പരിശോധിച്ച് അനുമതി പത്രം വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്യും. ഇതിന്‍റെ ലിങ്ക് അപേക്ഷകന് അയച്ചുകൊടുക്കും. ലോക് ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14 വരെ പരമാവധി കാലാവധിയുള്ള അനുമതി പത്രങ്ങളാണ് ഇപ്പോള്‍ നല്‍കുന്നത്.

സംസ്ഥാനത്തിനുള്ളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ വാഹനത്തില്‍ കരുതേണ്ട സത്യവാങ്മൂലവും ഈ വെബ്സൈറ്റ് മുഖേന തയ്യാറാക്കാം. ഇതിനായി പബ്ലിക് സര്‍വീസ് എന്ന മെനുവില്‍ സെല്‍ഫ് ഡിക്ലറേഷന്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണം.