കോട്ടയം: അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ കോട്ടയം ജില്ലയിലെ രോഗികള്‍ക്ക് ആവശ്യമായ ജീവന്‍രക്ഷാ മരുന്നുകള്‍ ജില്ലയിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭ്യമല്ലാത്ത പക്ഷം ജില്ലാ പഞ്ചായത്ത് കോട്ടയം ജനറല്‍ ആശുപത്രി മുഖേന ലഭ്യമാക്കുമെന്ന് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു.

ലോക്ക് ഡൗണ്‍ വേളയില്‍ പരമാവധി ഒരു മാസത്തേക്ക് ഈ സൗകര്യം ലഭ്യമാക്കും. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് മരുന്നിന്‍റെ വില വാങ്ങിയുമായിരിക്കും നല്‍കുക.

മരുന്ന് ആവശ്യമുള്ള രോഗികള്‍ കോട്ടയം ജനറല്‍ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്തിന്‍റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡസ്കില്‍ (9400268137, 9847393712) ബന്ധപ്പെടണം.

മരുന്നിന്‍റെ കുറിപ്പ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് ഇവ വാട്സപ്പില്‍ നല്‍കണം. കുറിപ്പ് മെഡിക്കല്‍ ടീം പരിശോധിച്ച് ജീവന്‍ രക്ഷാ മരുന്നുകള്‍ മാത്രമേ ഇങ്ങനെ നല്‍കൂ. സംസ്ഥാനത്ത് ലഭ്യമല്ലാത്ത മരുന്നുകളുണ്ടെങ്കില്‍ ലഭ്യമായ സംവിധാനങ്ങള്‍ മുഖേന എത്തിക്കാന്‍ ശ്രമിക്കും. മരുന്നുകള്‍ ആവശ്യമുള്ളവര്‍ ഏപ്രില്‍ പത്തിന് വൈകുന്നേരം അഞ്ചിന് മുന്‍പ് വാട്സപ്പ് മെസേജ് അയയ്ക്കണം