കോട്ടയം ജനറല്‍ ആശുപത്രി കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് കോട്ടയം പഞ്ചായത്ത് 25 ലക്ഷം രൂപ അനുവദിച്ചു. പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്.

ജില്ലാ പഞ്ചായത്തിന്‍റെ കീഴിലുള്ള ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ പേ വാര്‍ഡ്, ഐസൊലേഷന്‍ ഐ.സി.യു, വെന്‍റിലേറ്റര്‍, ജീവനക്കാര്‍ക്ക് ആവശ്യമായ പി.പി.ഇ കിറ്റുകള്‍, മാസ്കുകള്‍, സാനിറ്റൈസറുകള്‍ എന്നിവയും ആവശ്യ മരുന്നുകളും മറ്റും ക്രമീകരിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടപ്പാക്കുന്നതിന് ജനറല്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കി.

ജില്ലയിലെ അനാഥാലയങ്ങള്‍ക്കും മാനസികരോഗ പുനരധിവാസ കേന്ദ്രങ്ങള്‍ക്കും ഗ്രാമപഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി സൗജന്യമായി ഭക്ഷണം ലഭ്യമാക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനായി ജില്ലാ സാമൂഹിക നീതി ഓഫീസറെ ചുമതലപ്പെടുത്തി. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഭക്ഷണം ഉറപ്പുവരുത്തുന്നതിന് തീരുമാനമായി.

യോഗത്തില്‍ വൈസ് പ്രസിഡന്‍റ് ഡോ. ശോഭ സലിമോന്‍, വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിസമ്മ ബേബി, ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലില്‍, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പെണ്ണമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി മേരി ജോ എന്നിവര്‍ പങ്കെടുത്തു.