തിരുവനന്തപുരം: പോത്തൻകോട് കോവിഡ് 19 ബാധിച്ച് മരിച്ചയാൾക്ക് രോഗമില്ലായിരുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

മാർച്ച് 27 ന് മെഡിക്കൽ കോളേജിൽ വച്ച് പോത്തൻകോട് സ്വദേശി അബ്ദുൽ അസീസിന്റെ സ്രവം പരിശോധനക്ക് എടുത്തിരുന്നു. ഇതിന്റെ റിസൾട്ട് 29 ന് ലഭിച്ചു. പോസിറ്റീവായിരുന്നു. തുടർപരിശോധനക്കായി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ചപ്പോഴും പോസിറ്റീവ് റിസൾട്ടാണ് ലഭിച്ചത്.

കൊറോണ സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി ഉറപ്പാണെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണനും അറിയിച്ചിട്ടുണ്ട്.