തിരുവനന്തപുരം: ജില്ലയിൽ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ഇടങ്ങളിൽ ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 29 കിടക്കകൾ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ 50 , നെയ്യാറ്റിൻകര ജി.എച്ചിൽ ഒൻപത്, നെടുമങ്ങാട് എട്ട്,പേരൂർക്കട 10, എസ് എ ടി ആശുപത്രിയിൽ 10 കിടക്കകൾ വീതമാണുള്ളത്.

എസ്.യു.ടി റോയൽ ആശുപത്രിയിൽ 145ഉം എസ് ആർ മെഡിക്കൽ കോളേജിൽ 350 ഉം കിടക്കകളുണ്ട്. ചിറയിൻകീഴ് താലൂക്കിലെ ആഡിറ്റോറിയങ്ങളിൽ 2200 കിടക്കകൾ തയാറാക്കാനും അടിമലത്തുറയിൽ 1000 കിടക്കകൾ തയാറാക്കാനുമുള്ള സ്ഥല സൗകര്യമുണ്ട്. ജില്ലയിലെ വിവിധ ഹോസ്റ്റലുകളിൽ ഏകദേശം 4000 കിടക്കകളും ലഭ്യമാണ്.

സംസ്ഥാന സർക്കാരിന്റെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരളാ പ്രൈവറ്റ് സ്‌കൂൾ (എയ്ഡഡ്) മാനേജേഴ്‌സ് അസോസിയേഷൻ സംസ്ഥാനത്തുടനീളമുള്ള 2600-ഓളം അംഗങ്ങളുടെ സ്‌കൂൾ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും വിട്ടുനൽകാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ കേരള ആയുർവേദ ഹോസ്പിറ്റൽ മാനേജ്‌മെന്റ്‌സ് അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികളിൽ ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കാൻ സന്നദ്ധത അറിയിച്ചിരുന്നു.

ജില്ലയിലെ തഹസിൽദാർമാരിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് (കിടക്കകൾ സജ്ജീകരിക്കാനുള്ള സ്ഥലസൗകര്യം ഒഴികെ)കാട്ടാക്കട 100, ചിറയിൻകീഴ് 100, നെടുമങ്ങാട് 532, വർക്കല 532, നെയ്യാറ്റിൻകര 431 കിടക്കകൾ ലഭ്യമാണ്. ഇവാനിയോസ് ഹോസ്റ്റലുകളിൽ 1866 കിടക്കകളും മറ്റ് ഹോസ്റ്റലുകളിൽ 2433 കിടക്കകളും ഐസൊലേഷൻ ആവശ്യങ്ങൾക്കായി ലഭ്യമാണ്.

ജനറൽ ആശുപത്രിയും മെഡിക്കൽ കോളേജ് ആശുപത്രിയും കോവിഡ് ആശുപത്രികളായി പരിവർത്തനം ചെയ്താൽ കിടക്കകളുടെ എണ്ണം ആയിരമായി ഉയർത്താനും സാധിക്കും. നിംസ്, കാരക്കോണം ആശുപത്രികൾ 75 കിടക്കകൾ വീതം നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന് കീഴിൽ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ഇൻഫ്രാസ്ട്രക്ചർ മാനേജ്‌മെന്റ് ടീം കിടക്കകൾ സജ്ജീകരിക്കാൻ ലഭ്യമായ സ്ഥല സൗകര്യങ്ങളെ സംബന്ധിച്ചും കിടക്കകളെ  സംബന്ധിച്ചും വിലയിരുത്തൽ നടത്തും.