പത്തനംതിട്ട ജില്ലയില്‍ ഇന്ന്(ഏപ്രില്‍ 6) ഒരാള്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഷാര്‍ജയില്‍  നിന്ന് എത്തിയ ഇലന്തൂര്‍ സ്വദേശിക്കാണു രോഗം സ്ഥിരീകരിച്ചത്.  ഇയാള്‍ നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസലേഷനിലാണ്.
മാര്‍ച്ച് 18 ന് രാത്രി 10.25ന് ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ ഫ്‌ളൈറ്റ് നമ്പര്‍ ജി 9449 സീറ്റ് നമ്പര്‍ 14 സി യാത്രതിരിച്ച ഇയാള്‍ 19ന് പുലര്‍ച്ചെ 4.15 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍  ഇറങ്ങി. തിരുവനന്തപുരം ചക്കായി ജംഗ്ഷനിലെ ടീ ഷോപ്പില്‍ നിന്ന് പുലര്‍ച്ചെ അഞ്ചിന് ചായ കുടിച്ചു.
രാവിലെ 7.30 പത്തനംതിട്ട നെല്ലിക്കാലയിലെത്തി. ഇലന്തൂരിലെ വീട്ടില്‍ നിരീക്ഷണത്തില്‍  പ്രവേശിച്ചു. ഇയാള്‍ ഷാര്‍ജയില്‍ നിന്നു വിമാനം കയറുന്നതിനു കുറച്ചു ദിവസം മുന്‍പ് ദുബായിലെ ദയറയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
കോവിഡ് ഹോട്ട്‌സ്‌പോട്ട് ആയ ദയറ സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ സ്രവം പരിശോധനക്കായി അയച്ചത്. വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുമ്പോഴും രോഗലക്ഷണങ്ങള്‍ ഒന്നും കാണിച്ചിരുന്നില്ല. ഇതുവരെ 19 പ്രൈമറി കോണ്ടാക്ടുകളെ കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ ഹൈ റിസ്‌ക് ഉള്ള ആള്‍ക്കാരുടെ സ്രവങ്ങളും പരിശോധനക്കായി അയക്കും.