കണ്ണൂർ ജില്ലയില്‍ കോവിഡ് 19 ബാധിച്ച് വിവിധ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കപ്പെട്ട 53 പേരില്‍ 20 പേരും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. കേരളത്തില്‍ ഇത്രയുമധികം പേര്‍ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങുന്ന ആദ്യത്തെ ജില്ലയാണ് കണ്ണൂര്‍.

അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 9 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് 7 പേരും കണ്ണൂര്‍  ജില്ലാ ആശുപത്രിയില്‍ നിന്ന് 3 പേരും കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരാളുമാണ് വൈറസ്ബാധ മുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍  ചികിത്സയിലായിരുന്ന കണ്ണവം കോളയാട് സ്വദേശി, ചമ്പാട് സ്വദേശി, തലശ്ശേരി ടെമ്പിള്‍ഗേറ്റ് സ്വദേശി, കൂത്തുപറമ്പ് മൂരിയാട് സ്വദേശികളായ 2 പേര്‍, മാനന്തേരി സ്വദേശി എന്നിവര്‍ ഏപ്രില്‍ 3 നാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.

തലശ്ശേരി ടെമ്പിള്‍ഗേറ്റ്  സ്വദേശി, ചൊക്ലി ഒളവിലം സ്വദേശി,  കതിരൂര്‍ ഉച്ചമ്പള്ളി സ്വദേശി  എന്നിവര്‍ ഏപ്രില്‍ 5 നും ആശുപത്രി വിട്ടു. ഡോ: സി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ഇവിടെ കോവിഡ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്.

ഡോ: അനീഷ് കെ സി, ഡോ അജിത് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീമിന്റെ ചികില്‍സയ്ക്കു ശേഷം രോഗം സുഖമായി പാനൂര്‍ സ്വദേശി, കൊട്ടയംപൊയില്‍ സ്വദേശി,  കതിരൂര്‍ വേറ്റുമ്മല്‍ സ്വദേശി, പാനൂര്‍ ചമ്പാട് സ്വദേശി, ഈസ്റ്റ് കതിരൂര്‍ സ്വദേശി എന്നിവര്‍ ഏപ്രില്‍ 2 നും കതിരൂര്‍ വേറ്റുമ്മല്‍ സ്വദേശി ഏപ്രില്‍ 3 നും ആശുപത്രി വിട്ടിരുന്നു.

കൂത്തുപറമ്പ് നിര്‍മ്മലഗിരി സ്വദേശി ഏപ്രില്‍ 5 നാണ് വീട്ടിലേക്ക് മടങ്ങിയത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഡോ: എന്‍. അഭിലാഷിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീമാണ് കോവിഡ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്.  ഇവിടെ നിന്ന് മാര്‍ച്ച് 30 ന് നാറാത്ത് സ്വദേശി, കണ്ണൂര്‍ മരക്കാര്‍കണ്ടി സ്വദേശി എന്നിവരും ഏപ്രില്‍ 6 ന് ചെറുവാഞ്ചേരി സ്വദേശിയും രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി.

ജില്ലയിലെ ആദ്യത്തെ കൊറോണ ബാധിതനായ പെരിങ്ങോം സ്വദേശി കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് മാര്‍ച്ച് 20 ന് തന്നെ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയിരുന്നു.  ഡോ. സുദീപ് കുമാറിന്റെ കീഴിലുള്ള മെഡിക്കല്‍ ടീമാണ് ഇവിടെ കോവിഡ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്.

ആരോഗ്യ വകുപ്പിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണിതെന്ന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറുമായ ഡോ: കെ. നാരായണ നായ്ക് പറഞ്ഞു.

ജില്ലാ സര്‍വെയലന്‍സ് ഓഫീസറും ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസറുമായ ഡോ: എം.കെ. ഷാജ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ലതീഷ് കെ വി എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പിന്റെ കണ്ണൂര്‍ ജില്ലാ ടീമിന്റെ കാര്യക്ഷമമായ ഇടപെടലുകളും മെച്ചപ്പെട്ട രോഗീ പരിചരണവുമാണ് ഈ നേട്ടം കൈവരിക്കുന്നതിന് സഹായകരമായതെന്നും അദ്ദേഹം പറഞ്ഞു.

രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയവര്‍ നിര്‍ദ്ദേശിക്കപ്പെട്ടതു പ്രകാരം നിശ്ചിത ദിവസം വീടുകളില്‍ ക്വാറന്റയിനില്‍ തന്നെ കഴിയേണ്ടതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.