തൃശൂർ : കോവിഡ് 19 പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക അത്യാവശ്യ പണമിടപാടുകൾ നടത്തുന്നതിനായി സൗകര്യമൊരുക്കുന്ന മൊബൈൽ പോസ്റ്റ് ഓഫീസ് ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാവുന്നു. ഗുരുവായൂർ സബ് ഡിവിഷൻ പോസ്റ്റോഫീസിന്റെ നേതൃത്വത്തിലാണ് മൊബൈൽ പോസ്റ്റോഫീസ്.

പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, ഇൻഷൂറൻസ് തുക നിക്ഷേപിക്കൽ എന്നിവ മൊബൈൽ പോസ്റ്റ് ഓഫീസിലൂടെ നടത്താനാവും. എ ടി എമ്മുകളിൽ പോകാതെ തന്നെ ജനങ്ങൾക്ക് ഏറെ സുരക്ഷിതമായ രീതിയിൽ പണമിടപാട് നടത്താം എന്നതാണ് ഇതിന്റെ പ്രധാന ഗുണം. മൊബൈൽ പോസ്റ്റ് ഓഫീസ് അണുവിമുക്തവുമാണ്.

കടവല്ലൂർ പഞ്ചായത്തിലെ കരിക്കാട്, കാട്ടകാമ്പാൽ പഞ്ചായത്തിലെ പഴഞ്ഞി, കണ്ടാണശ്ശേരി പഞ്ചായത്തിലെ മറ്റം, പുഴയ്ക്കൽ ബ്ലോക്കിലെ ചിറ്റാട്ടുകര എന്നിവിടങ്ങളിലാണ് മൊബൈൽ പോസ്റ്റ് ഓഫീസിന്റെ സേവനം ലഭ്യമായത്. ഗുരുവായൂർ സബ് ഡിവിഷണൽ ഇൻസ്പെക്ടർ എ വി ഹരിപ്രസാദ്, മെയിൽ ഓവർസീയർ വേണുഗോപാൽ, പോസ്റ്റൽ അസിസ്റ്റന്റ് ബിനീഷ് കുമാർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ടി സി പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് മൊബൈൽ പോസ്റ്റോഫീസ് പ്രവർത്തിക്കുന്നത്.

മൊബൈൽ പോസ്റ്റോഫീസ് പര്യടനം ഏപ്രിൽ 13 വരെ ജില്ലയിലെ വിവിധ ഇടങ്ങളിൽ നടത്തും. തൃശൂർ മുഖ്യ പോസ്റ്റോഫീസ്, വടക്കാഞ്ചേരി സബ് ഡിവിഷൻ എന്നിവയും ഇത്തരം പ്രവർത്തനം നടത്തും. ഏപ്രിൽ 10 ന് സേവനം ഉണ്ടാവില്ല.