കോവിഡ് 19ന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
18 ബാങ്കുകളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി – അക്കൗണ്ട് നമ്പർ രണ്ട് എന്ന സബ് അക്കൗണ്ട് തുടങ്ങും. ട്രഷറിയിലും ഇതേ പേരിൽ ട്രഷറി സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങും. മാർച്ച് 27 മുതൽ സി. എം. ഡി. ആർ. എഫ് അക്കൗണ്ടുകളിൽ ലഭിച്ച തുക ഈ പുതിയ അക്കൗണ്ടുകളിലേക്ക് മാറ്റും.
ഔദ്യോഗിക വെബ്‌സൈറ്റിൽ പാൻഡമിക് റിലീഫിനു വേണ്ടി പ്രത്യേക ലിങ്ക് ഉണ്ടാവും. കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും അനായാസം സംഭാവന നൽകാനും പ്രത്യേക ആവശ്യത്തിനു വേണ്ടിയുള്ള വിനിയോഗം സാധ്യമാക്കാനുമാണ് ഈ മാറ്റങ്ങൾ.
ഫണ്ട് സ്വീകരിക്കുന്ന രീതിയിൽ മാറ്റങ്ങളില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജ്യോതി ലബോറട്ടറീസ് രാമചന്ദ്രൻ, മുംബൈ രണ്ടുകോടി, തിരുവിതാംകൂർ ദേവസ്വംബോർഡ് ഒരുകോടി, കല്യാൺ സിൽക്ക്‌സ് ഒരു കോടി, കിംസ് ആശുപത്രി ഒരുകോടി, തിരൂർ അർബൻ ബാങ്ക് 67.15 ലക്ഷം, കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് 52 ലക്ഷം, സിനിമാ നടൻ മോഹൻലാൽ 50 ലക്ഷം, മുൻ നിയമസഭാ അംഗങ്ങളുടെ ഒരു മാസത്തെ പെൻഷൻ തുക, മയ്യനാട് റീജണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് 40 ലക്ഷം, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് 30 ലക്ഷം, അയിരൂപ്പാറ ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് 25 ലക്ഷം, മണ്ണാർക്കാട് റൂറൽ ബാങ്ക് 25 ലക്ഷം, പിഡബ്ല്യുഡി ഇറിഗേഷൻ ആന്റ് എൽഎസ്ജിഡി എംപ്ലോയീസ് കോർപ്പറേഷൻ സൊസൈറ്റി – പബ്ലിക് ഓഫീസ് തിരുവനന്തപുരം 25 ലക്ഷം, കണ്ണൂർ പുഴാതി സർവ്വീസ് സഹകരണ ബാങ്ക് 12,70,700, കണ്ണൂർ ബിഎസ്എൻഎൽ എംപ്ലോയിസ് സൊസൈറ്റി 10 ലക്ഷം, കണ്ണൂർ ചാല സർവ്വീസ് സഹകരണ ബാങ്ക് 11,39,500, കണ്ണൂർ കാപ്പാട് സർവ്വീസ് സഹകരണ ബാങ്ക് 10,23,730, കണ്ണൂർ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ മൗവ്വഞ്ചേരി റൂറൽ ബാങ്ക് യൂണിറ്റ് 32,35,177, കണ്ണൂർ മൗവ്വഞ്ചേരി റൂറൽ ബാങ്ക് 10,00,000 എന്നിങ്ങനെയാണ് സി. എം.ഡി. ആർ. എഫിലേക്ക് കഴിഞ്ഞ ദിവസം ലഭിച്ച സംഭാവന.