കോവിഡിനെ തുരത്തി വിത്ത് വിതയ്ക്കാന്‍ ഹരിതകേരളം മിഷന്‍

പത്തനംതിട്ട: ലോക് ഡൗണ്‍ ദിനങ്ങള്‍ കൃഷിക്കായി വിനിയോഗിക്കുക എന്ന സന്ദേശവുമായി ഹരിതകേരളം മിഷനും കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പും. ഹരിതകേരളം മിഷനും കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പും സംയുക്തമായി കുടുംബശ്രീയുടേയും ഹരിതകര്‍മ്മസേനയുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും സഹായത്തോടെ വീടുകളില്‍ പച്ചക്കറി ഗാര്‍ഹിക പച്ചക്കറി കൃഷി വ്യാപിക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി.

കളക്ടറേറ്റില്‍ പച്ചക്കറി തൈ വിത്തുകളുടെ ജില്ലാതല വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി ജില്ലാ ജില്ലാ കളക്ടര്‍ പി.ബി.നൂഹിനു പച്ചക്കറി തൈ നല്‍കി നിര്‍വഹിച്ചു. തുടര്‍ന്ന് ‘തുരത്താം കോവിഡിനെ വിതക്കാം ഈ മണ്ണില്‍’ എന്ന ഹാഷ് ടാഗ് ക്യാമ്പയിന്റെ ജില്ലാതല ലോഞ്ചിംഗ് ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍വഹിച്ചു.

ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എന്‍. ചന്ദ്രശേഖരന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.സൈമ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.വിധു,  കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സൂസന്‍ വര്‍ഗീസ്, സന്നദ്ധസേനയുടെ ജില്ലാ കോര്‍ഡിനേറ്റര്‍ ദേവിക ദാസ്, കൃഷി ഓഫീസര്‍ പ്രദീപ്, കുടുംബശ്രീ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ മണികണ്ഠന്‍, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, യങ് പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോവിഡ് 19 ലോക് ഡൗണ്‍ ദിനങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് ജില്ലയിലെ കൃഷി വിപുലപ്പെടുത്താനും വിഷരഹിത പച്ചക്കറികള്‍ വീട്ടില്‍ത്തന്നെ കൃഷിചെയ്യാനും ഹരിതകേരളം മിഷന്റെയും കൃഷി വകുപ്പിന്റെയും സംയുക്തമായ ആഭിമുഖ്യത്തില്‍ ‘തുരത്താം കോവിഡിനെ… വിതയ്ക്കാം ഈ മണ്ണില്‍’ എന്ന ഹാഷ് ടാഗ് ക്യാമ്പയിനിലൂടെ സാധിക്കുമെന്നും കോവിഡ് എന്ന മഹാമാരിയെ അതിജീവിക്കുന്ന കാലയളവില്‍ പുതിയ ഒരു സംസ്‌കാരം കെട്ടിപ്പടുക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ ഭക്ഷ്യസുരക്ഷയുടെ ഭാഗമാണെന്നും അതിജീവനത്തിന്റെ ഈ കാലം ഫലപ്രദമായി ഉപയോഗിക്കാന്‍ ഇതിലൂടെ എല്ലാവര്‍ക്കും കഴിയുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി പറഞ്ഞു.

കൃഷി വകുപ്പിന്റെ ഫാം, വി.എഫ.്പി.സി.കെ എന്നിവ വഴി മൂന്നര ലക്ഷത്തോളം പച്ചക്കറി വിത്ത് പായ്ക്കറ്റുകളാണു ജില്ലയിലെ വീടുകളിലേക്കു നല്‍കുന്നതിനായി തയ്യാറാക്കിയിരിക്കുന്നത്.  കുടുംബശ്രീ, സന്നദ്ധ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍ എന്നിവരിലൂടെയാണു പച്ചക്കറി വിത്ത് പായ്ക്കറ്റുകള്‍ വീടുകളില്‍ എത്തിക്കുന്നത്. ജനറല്‍ അയല്‍ക്കൂട്ടം ഉള്‍പ്പെടെ 10163 അയല്‍ക്കൂട്ടങ്ങളാണു ജില്ലയിലുള്ളത്. ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, സന്നദ്ധ സംഘടനാ വോളന്റിയര്‍മാര്‍ എന്നിവര്‍  പ്രവര്‍ത്തനം നിയന്ത്രിക്കും.

‘തുരത്താം കോവിഡിനെ വിതയ്ക്കാം ഈ മണ്ണില്‍ ‘ ഹാഷ് ടാഗ് ക്യാമ്പയിനും തുടക്കമായി

ജില്ലയില്‍ താമസിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ ‘തുരത്താം കോവിഡിനെ വിതയ്ക്കാം ഈ മണ്ണില്‍’  എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഹാഷ് ടാഗ് ക്യാമ്പയിനു തുടക്കമായി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍,  കോളേജ് വിദ്യാര്‍ഥികള്‍, മറ്റുള്ളവര്‍ (കുടുംബമായോ / വ്യക്തിയായോ),  റസിഡന്റ്‌സ് അസോസിയേഷനുകള്‍/ ക്ലബ്ബുകള്‍/ സ്വയംസഹായ ഗ്രൂപ്പുകള്‍ തുടങ്ങിയ നാല് വിഭാഗങ്ങളായി തിരിച്ചുനടത്തുന്ന ഈ മത്സരത്തില്‍ നിലവില്‍ പത്തനംതിട്ട ജില്ലയില്‍ താമസിക്കുന്ന ഏതൊരാള്‍ക്കും പങ്കെടുക്കാം.
ഈ ഹാഷ് ടാഗ് ക്യാമ്പയ്നില്‍ പങ്കെടുക്കാന്‍ കോവിഡ് കാലം മുതലുള്ള കൃഷി, മാലിന്യ സംസ്‌കരണം, ജല സംരക്ഷണം, മൈക്രോ ഗ്രീന്‍ ഫാര്‍മിംഗ് എന്നീ മേഖലകളിലെ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഫോട്ടോകളായും, വീഡിയോകളായും ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ ‘തുരത്താം കോവിഡിനെ… വിതയ്ക്കാം ഈ മണ്ണില്‍ ‘ എന്ന ഹാഷ് ടാഗില്‍ അപ്ലോഡ് ചെയ്യണം. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കാനും മത്സരത്തിന്റെ ആവേശം ഉയര്‍ത്താനുമായി മറ്റൊരു വ്യക്തിയെ ചലഞ്ച് ചെയ്യാം.
പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് ഒരു കോടി ഫലവൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കാനാണു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം നിലവില്‍ നാം അതിനുവേണ്ട സ്ഥാനങ്ങള്‍ മുന്‍കൂട്ടി കണ്ടുവയ്‌ക്കേണ്ടതുണ്ട്. ഈ ക്യാമ്പയിന്റെ ഭാഗമായി ഓരോ വിദ്യാര്‍ഥിയും തങ്ങളുടെ പുരയിടത്തിലും, തൊടിയിലും ഫലവൃക്ഷ തൈകള്‍ നടുന്നതിന് ആവശ്യമായ സ്ഥാനങ്ങള്‍ കണ്ടെത്തി അവിടെ ജൈവവേലി നിര്‍മ്മിക്കുകയോ മറ്റെന്തെങ്കിലും അടയാളങ്ങള്‍ രേഖപ്പെടുത്തുകയോ ചെയ്ത് അത്തരം ഫോട്ടോകളും പങ്കുവയ്ക്കണം. ഇതും മത്സരത്തിന്റെ ഭാഗമാണ്.
കൂടാതെ നിങ്ങളുടെ പുരയിടത്തിലോ, ടെറസിലോ, മട്ടുപ്പാവിലോ ഉള്ള പച്ചക്കറി കൃഷി,ജൈവ മാലിന്യം കൃഷിക്കുതകുന്ന രീതിയില്‍ വളമാക്കുന്ന കംപോസ്റ്റിംഗ് രീതികള്‍, ജലത്തിന്റെ ദുരുപയോഗം തടയുന്നതിനുള്ള മാര്‍ഗങ്ങള്‍, വിവിധ രീതിയിലുള്ള ജലമിതവ്യയ മാര്‍ഗങ്ങള്‍ തുടങ്ങിയവയുടെ ഫോട്ടോകളും, വീഡിയോകളും ഇതോടൊപ്പം പങ്കുവയ്ക്കാം. ഇവയെല്ലാം മുന്‍നിര്‍ത്തിയാണ് ഈ ക്യാമ്പയ്നിലൂടെ മത്സരങ്ങള്‍ നടത്തുന്നത്. ഓരോ മത്സരാര്‍ഥിയുടെയും ഫോട്ടോകള്‍ അഥവാ വീഡിയോകള്‍ പച്ചക്കറി കൃഷി, മാലിന്യ സംസ്‌ക്കരണം, ജലസംരക്ഷണം എന്നീ മേഖലകളെല്ലാം ഉള്‍പ്പെടുന്നതാകണം. ജില്ലാതലത്തിലുള്ള വിദഗ്ധ സമിതിയുടെ നിബന്ധനകള്‍ക്കു വിധേയമായിട്ടായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. മത്സരത്തിന്റെ നിബന്ധനകളും രജിസ്‌ട്രേഷന്‍ ലിങ്കും ഹരിത കേരളം മിഷന്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ലഭ്യമാണ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നിര്‍ബന്ധമായും ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യണം. ഈ മത്സരത്തില്‍ വിജയികളാവുന്നവര്‍ക്ക് ജില്ലാതലത്തില്‍ സമ്മാനങ്ങള്‍ നല്‍കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള ലിങ്ക് താഴെ നല്‍കുന്നു.

ഫേസ്ബുക്ക് ലിങ്ക് :

https://m.facebook.com/story.php?story_fbid=253737485664713&id=100030853907577

https://forms.gle/HYrqtZUdyrbkvMnw6 – Malayalam form

https://forms.gle/oAd3QS73kU5QsVPp9 – English form