എറണാകുളം: വിവിധ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ പരിപാടിയുടെ പിൻബലത്തിൽ ജില്ലയിലെ പ്രധാന സർക്കാർ ചികിത്സാ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും.

കളമശ്ശേരിയിലെ ഗവ. മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി, മൂവാറ്റുപുഴ ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് സൗകര്യങ്ങൾ ആദ്യഘട്ടത്തിൽ വിപുലീകരിക്കുന്നത്.

ഇതിന്റെ ഭാഗമായി എൽ ജി ഇലക്ട്രോണിക്സ് നൽകിയ എയർ കണ്ടീഷണറുകൾ, വാട്ടർ പ്യൂരിഫയറുകൾ, ടെലിവിഷനുകൾ എന്നിവ റീജിയണൽ ബിസിനസ് ഹെഡ് ഷിബു ഡേവിസ് ജില്ലാ കളക്ടർ എസ് സുഹാസിന് കൈമാറി.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ മൂന്ന് എല്‍.ഇ.ഡി ടെലിവിഷന്‍ സെറ്റുകളും രണ്ടു റെഫ്രിജറേറ്ററുകളും രണ്ട് വാട്ടര്‍ പ്യൂരിഫയറുമാണ് സ്ഥാപിക്കുന്നത്.

ആലുവ ജില്ല ആശുപത്രി, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ രണ്ട് വീതം വാട്ടര്‍ പ്യൂരിഫയറും രണ്ട് വീതം ടി.വിയും ഒരോ ഫ്രിഡ്ജും ലഭ്യമാക്കി