ആലപ്പുഴ: സന്നദ്ധ സംഘടനകൾ സ്വന്തം നിലയിൽ ഭക്ഷണം വിതരണം ചെയ്യരുതെന്ന് ജില്ലാ കലക്ടർ എം അഞ്ജന അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കമ്മ്യൂണിറ്റി കിച്ചണുമായി സഹകരിച്ചു മാത്രമേ സന്നദ്ധ സംഘടനകൾ ഭക്ഷണം വിതരണം ചെയ്യാവൂ. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾക്കിടയിലും സമൂഹ അടുക്കളകളും ജനകീയ ഭക്ഷണശാലകളും നടത്താൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

സമൂഹ അടുക്കള കൈകാര്യം ചെയ്യേണ്ടത് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട് . ഈ സാഹചര്യത്തിൽ ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ തുടങ്ങിയ മറ്റു അവശ വിഭാഗക്കാർക്ക് സംഘടനകൾ ഭക്ഷണം സൗജന്യമായി നൽകുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി മാത്രമായിരിക്കണം എന്ന് ജില്ലാ കലക്ടർ അറിയിച്ചു.