ആലപ്പുഴ: ജില്ലയില്‍ കരാറുകാരുടെ സംരക്ഷണത്തിലല്ലാത്ത 10329 അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണ സാമഗ്രികള്‍ അവര്‍ താമസിക്കുന്ന ക്യാമ്പുകളിലെത്തിച്ച് സര്‍ക്കാര്‍. ജില്ലയില്‍ 16920 അതിഥി തൊഴിലാളികളാണ് ഉള്ളത്. കരാറുകാരുടെ കീഴില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കാനുള്ള ചുമതല അതാത് കരാറുകാര്‍ തന്നെയാണ് നിര്‍വഹിക്കേണ്ടത്.

ഇവര്‍ക്ക് ഇത് ലഭ്യമാകുന്നു എന്ന് ഉറപ്പാക്കുന്നതിനുള്ള നടപടി പോലീസ് എടുത്തിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യ സാമഗ്രികള്‍ കണ്‍സ്യൂമര്‍ ഫെഡില്‍ നിന്ന് വാങ്ങി അതത് തഹസില്‍ദാര്‍മാര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഇത് വില്ലേജ് ഓഫീസര്‍മാര്‍ വഴി വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. പരിശോധിക്കാന്‍ പഞ്ചായത്ത്തല മേല്‍നോട്ട സമിതിയേയും നിയോഗിച്ചിട്ടുണ്ട്. 13 ഇനങ്ങള്‍ ഉള്‍പ്പെടുന്ന ഭക്ഷ്യസാമഗ്രികളാണ് ഇത്തരത്തില്‍ നല്‍കുന്നത്.

ചേര്‍ത്തല താലൂക്കില്‍ 805 ഉം അമ്പലപ്പുുഴയില്‍ 700 ഉം കുട്ടനാട് 838 ഉം മാവേലിക്കരയില്‍ 1466 ഉം ചെങ്ങന്നൂരില്‍ 1369 ഉം കാര്‍ത്തികപ്പള്ളിയില്‍ 5151 ഉം അതിഥി തൊഴിലാളികള്‍ക്കാണ് ഭക്ഷ്യ സാമഗ്രികള്‍ എത്തിക്കുന്നത്. ഇതുവരെ 9621.5 കിലോഗ്രാം അരി, 9867.5 കിലോഗ്രാം ആട്ട, 5536 ലിറ്റര്‍ വെളിച്ചെണ്ണ, 9385 കിലോ സവോള, 8796.9 കിലോഗ്രാം ഉരുളക്കിഴങ്ങ്, 2528 കിലോഗ്രാം ചെറുപയര്‍, 2269 കിലോഗ്രാം ഉഴുന്ന്, 889 കിലോഗ്രാം മുളകുപൊടി, 887 കിലോഗ്രാം മല്ലിപ്പൊടി, 2251 കിലോഗ്രാം പരിപ്പ്, 2502 കിലോഗ്രാം കടല, 891 കിലോ തേയില, 2581 കിലോ പഞ്ചസാര, 5 കിലോ മഞ്ഞള്‍പ്പൊടി എന്നിവ വിവിധ താലൂക്കുകളിലായി അതിഥി താമസക്കാര്‍ക്കായി എത്തിച്ച് നല്‍കി. തക്കാളി, പച്ചമുളക്, ബീറ്റ് റൂട്ട്, ഇഞ്ചി, ക്യാരട്ട്, മല്ലിയില, വെളുത്തുള്ളി എന്നിയുള്‍പ്പെടുന്ന പച്ചക്കറികള്‍ 784 കിലോഗ്രാമും വിതരണം ചെയ്തിട്ടുണ്ട്. വരുന്ന ഒരാഴ്ചത്തേക്കുള്ള ഭക്ഷ്യ സാമഗ്രികള്‍ വ്യാഴാഴ്ച എത്തിക്കും.